Kerala

മുന്നാക്ക സംവരണം: ആര്‍എസ്എസിന്റെ ഭരണഘടനാ അട്ടിമറി ഇടതുപക്ഷം നടപ്പിലാക്കുന്നു- പി അബ്ദുല്‍ മജീദ് ഫൈസി

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.

മുന്നാക്ക സംവരണം: ആര്‍എസ്എസിന്റെ ഭരണഘടനാ അട്ടിമറി ഇടതുപക്ഷം നടപ്പിലാക്കുന്നു- പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: മുന്നാക്ക സംവരണം നടപ്പിലാക്കുന്നതിലൂടെ ആര്‍എസ്എസ്സിന്റെ ഭരണഘടനാ അട്ടിമറി ഇടതുപക്ഷം നടപ്പിലാക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മേല്‍ജാതിക്കാര്‍ക്ക് അനര്‍ഹമായി സംവരണം നടപ്പാക്കി പിന്നാക്ക ജനതയെ വഞ്ചിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ സംസ്ഥാനത്ത് നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അധസ്ഥിത ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് സാമ്പത്തിക സംവരണം. പൗരത്വ നിഷേധം നടപ്പാക്കിയ ശേഷവും രാജ്യത്ത് അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളെ അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത അടിമകളാക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. ബിജെപിയുടെ സവര്‍ണ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധത പിന്നാക്ക ജനതയെ അവഹേളിക്കലാണ്. രാജ്യത്തെ 87.5 ശതമാനം ദരിദ്രരും പിന്നാക്ക വിഭാഗങ്ങളിലുള്ളവരാണെന്ന് നീതി ആയോഗ് തന്നെ വ്യക്തമാക്കുമ്പോള്‍ അവരെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി 12.5 ശതമാനം വരുന്ന മുന്നാക്കക്കാരിലെ ദരിദ്രരെ മാത്രം കൈപിടിച്ചുയര്‍ത്താന്‍ കാണിക്കുന്ന ആവേശം അനീതിയും വഞ്ചനയുമാണ്. രാജ്യത്തെ 80.5 ശതമാനം ഉദ്യോഗങ്ങളും കൈയടക്കിവച്ചിരിക്കുന്നത് മുന്നാക്കക്കാരാണ്. ബാക്കി 19.5 ശതമാനം മാത്രമാണ് 80 ശതമാനത്തിലധികം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമുള്ളത്.

സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ഭരണഘടനയുടെ 103 ാം ഭേദഗതി അനുസരിച്ച് പരമാവധി 10 ശതമാനം നല്‍കാമെന്നാണ് പറയുന്നത്. പിണറായി സര്‍ക്കാര്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് പത്തു ശതമാനവും അതിലധികവും നല്‍കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഇടതുപക്ഷം മറുപടി പറയണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുമ്പിലെ പ്രതിഷേധം ഒരു തുടക്കമാണെന്നും തെറ്റുതിരുത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പിന്നാക്ക ജനതയെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പാളയത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമാപിച്ചു.

Next Story

RELATED STORIES

Share it