Kerala

മന്ത്രി തോമസ് ഐസക്കിനെതിരെ രമേശ് ചെന്നിത്തല;മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും

ധനകാര്യമന്ത്രി തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുള്ള ഓഡിറ്റ് വിവരം ഇത്തരത്തില്‍ പുറത്തുവിട്ടുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നത്.രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് ഇന്ന് കേരളത്തിലെ മന്ത്രി സഭ പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

മന്ത്രി തോമസ് ഐസക്കിനെതിരെ രമേശ് ചെന്നിത്തല;മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും
X

കൊച്ചി: നിയമസഭയില്‍ അവതരിപ്പിക്കാത്ത സിഎജി റിപോര്‍ട് മന്ത്രി തോമസ് ഐസക്ക് ചോര്‍ത്തി വാര്‍ത്താ സമ്മേളനം നടത്തിയത് ഗുരുതരമായ ചട്ടലംഘനവും നിയമവിരുദ്ധവുമാണെന്നും മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ധനകാര്യമന്ത്രി തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുള്ള ഓഡിറ്റ് വിവരം പുറത്തുവിട്ടുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നത്.

രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് ഇന്ന് കേരളത്തിലെ മന്ത്രി സഭ പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.മന്ത്രിനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കരട് സിഎജി റിപോര്‍ട് എന്നാണ്. ഭരണഘടനതൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയ ഒരു മന്ത്രിക്ക് അന്തിമമാക്കാത്ത നിയമ സഭയുടെ മേശപ്പുറത്ത് വെയ്ക്കാത്ത ഒരു റിപോര്‍ട് എങ്ങനെ പരസ്യപ്പെടുത്താന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇത് ഗുരുതരമായ ചട്ട ലംഘനവും നിയമവിരുദ്ധവുമാണ് മന്ത്രി ചെയ്തിട്ടുള്ളത്.നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്ന സി ആന്റ് എജിയുടെ റിപോര്‍ട് പരിശോധിക്കാനുളള അവകാശം നിമസഭയുടെ പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റിക്ക് മാത്രമാണ്.ഇതെല്ലാം ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുളള കാര്യമാണെന്നും രമേശ് ചെന്നിത്തല പപറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യസ്ഥനായ മന്ത്രിയാണ് അത് ചോര്‍ത്തി ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.നിയമസഭയില്‍ വെയ്ക്കുന്നതിന് മുമ്പ് റിപോര്‍ട് സംരക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ച് സിഎജി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്.വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് പറയുമ്പോള്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് നിയമസഭയുടെ അവകാശ ലംഘനമാണ്.മന്ത്രി തോമസ് ഐസക്ക് നിയമസഭയുടെ അവകാശം ലംഘിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎജി റിപോര്‍ട് അച്ചടിക്കു പോകുമ്പോള്‍ പോലും ഉളളടക്കം പരമരഹ്യസമായിട്ടാണ്ക്ഷിക്കാറുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ധനകാര്യമന്ത്രിയെ പ്രകോപിപ്പിക്കാനുള്ള കാരണം കിഫ്ബിയില്‍ നടക്കുന്ന ഗുരുതരമായ അഴിമതിയും ചട്ടം ലംഘിച്ച് നടക്കുന്ന നടപടികളും നിശിതമായി വിമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതിയും കൊള്ളകളും സിഎജി കണ്ടെത്തുന്നുവെന്നതാണ് ധനകാര്യമന്ത്രിക്ക് ഹാലിളകാന്‍ കാരണം.പ്രതിപക്ഷം നേരത്തെ തന്നെ ഈ അഴിമതികള്‍ ചൂണ്ടിക്കാട്ടിയതാണ്.കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്യുന്ന സ്ഥാപനമായി കിഫ്ബി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ചീഫ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന് ശബളം വാങ്ങിക്കുന്ന സി ഇ ഒ യാണ്. 10,000 രൂപ ദിവസ വേതനത്തിന് ആളെ നിയമിക്കുന്ന സ്ഥാപനം.പിഎസിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും മറികടന്ന് പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് കിഫ്ബി.

മസാല ബോണ്ടു പോലെ ഉയര്‍ന്ന പലിശയ്ക്ക് പണം വാങ്ങി കേരളത്തെ കടക്കെണിയിലാക്കുന്ന സ്ഥാപനം. ആ സ്ഥാപനത്തിന്റെ അഴിമതികള്‍ പുറത്തുവരുന്നതിലുളള പ്രയാസമാണ് ധനകാര്യമന്ത്രിയെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കിഫ്ബിയില്‍ ഓഡിറ്റ് വേണ്ട എന്നതായിരുന്നു ഈ സര്‍ക്കാരിന്റെ സമീപനം.ഇതിനെതിരെ താന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിനെതിരെയുള്ളതാണ് ആ ഹരജിയില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യം.തദ്ദേശ സ്ഥാപനങ്ങളില്‍ ഒാഡിറ്റ് നടന്നാല്‍ ലൈഫ് മിഷന്‍ പോലുള്ള പദ്ധതിയില്‍ നടക്കുന്ന ഗുരുതരമായ അഴിമതി പുറത്തുവരുമെന്ന് കണ്ടുകൊണ്ടാണ് ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത്.ഇതിനെതിരെയാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സി ആന്റ് എജി സെക്ഷന്‍ 22 അനുസരിച്ചുള്ള സമഗ്രമായ ഓഡിറ്റ് വേണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത് എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് സെക്ഷന്‍ 14 അനുസരിച്ചുള്ള ഒാഡിറ്റ് മതിയെന്നാണ്. ഇതിന് കാരണം സര്‍ക്കാര്‍ ഇതര ഫണ്ട് ഉപയോഗിക്കുമ്പോള്‍ ഓഡിറ്റ് ചെയ്യരുതെന്ന നിര്‍ബന്ധബുദ്ധികൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കിഫ്ബിയിലേക്ക് മറ്റു സോഴ്‌സുകളില്‍ നിന്നും വരുന്ന വരുമാനത്തെക്കുറിച്ച് ആരും ചോദിക്കരുതെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കിഫ്ബിയിലേക്കുള്ള വരവും ചിലവും നിയമസഭ അറിയുന്നില്ല. സി ആന്റ് എജിയോ നിയമസഭയോ പോലും അറിയുന്നില്ല.ഇത് ധിക്കാരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രി തോമസ് ഐസക്ക് ആരോപിച്ചതുപോലെ തനിക്കോ തന്റെ ഓഫിസിനോ സി ആന്റ് എജിയുമായി ഒരു ബന്ധവുമില്ല.സിഎജിയുടെ റിപോര്‍ട് നിയമസഭയുടെ മേശപ്പുറത്ത് വെയക്കുന്നതിന് മുമ്പ് കിട്ടിയിട്ടില്ല.അഴിമതി നടത്തിയത് സി ആന്റ് എജി പിടിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ഓഫിസുമായി അവിശുദ്ധബന്ധമുണ്ടെന്ന തരത്തില്‍ കള്ളപ്രചരണം നടത്തുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.അഴിമതി മൂടിവെയക്കാന്‍ വേണ്ടി സി ആന്റ് എജിയെന്ന ഭരണഘടനാ സ്ഥാപനത്തെ ഭീഷണിപെടുത്താനും അപമാനിക്കാനുമാണ് ധനകാര്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Next Story

RELATED STORIES

Share it