Kerala

ഇടുക്കിയിൽ വിനോദ സഞ്ചാര- തോട്ടം മേഖലകളിൽ നിയന്ത്രണം

തോട്ടം മേഖലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തി വയ്ക്കണം.

ഇടുക്കിയിൽ വിനോദ സഞ്ചാര- തോട്ടം മേഖലകളിൽ നിയന്ത്രണം
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണി ഉള്ളതിനാലും മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് ഓപറേഷന്‍, ബോട്ടിങ് എന്നിവ അടിയന്തിരമായി ജില്ലയില്‍ നിര്‍ത്തിവയ്ക്കണം.

തോട്ടം മേഖലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തി വയ്ക്കണം. ജില്ലയില്‍ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാ നിരോധനം ഒക്ടോബർ 20 വരെ നീട്ടിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ താലൂക്ക് തല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഡാമുകളുടെ റൂള്‍ കർവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും കെഎസ്ഇബി, ഇറിഗേഷന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it