Kerala

ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; കോഴിക്കോട്ടെ മലയോര മേഖലകളിൽ കനത്ത മഴ

ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടുക്കിയിലെ പെരുവന്താനം പഞ്ചായത്തിൽ വ്യാപക നാശ നഷ്ടമാണുണ്ടായത്. ഒരു വീട് പൂർണമായും 25 ലധികം വീടുകൾ ഭാഗികമായും തകർന്നു. മൂന്നു പേർക്ക് പരിക്കേറ്റു.

ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; കോഴിക്കോട്ടെ മലയോര മേഖലകളിൽ കനത്ത മഴ
X

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളിൽ മഴ തുടരുന്നു. അതേസമയം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ട ഇടുക്കിയിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്ന് ഉച്ചയോടെ പിൻലിച്ചു. നിലവിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയാണ് ഇന്ന് പെയ്തത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം ഭാഗങ്ങളിലാണ് ഉച്ച മുതൽ കനത്ത മഴ പെയ്യാൻ തുടങ്ങിയത്. ആനക്കാംപൊയിൽ ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഡ്രെയിനേജ് വഴി വെള്ളം ഒഴുകിപ്പോവാതായതോടെ തിരുവമ്പാടി ടൗണ്‍ വെള്ളത്തിലായി. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുത ബന്ധം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ റോഡിലേക്ക് മരം കട പുഴകി വീണ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടുക്കിയിലെ പെരുവന്താനം പഞ്ചായത്തിൽ വ്യാപക നാശ നഷ്ടമാണുണ്ടായത്. ഒരു വീട് പൂർണമായും 25 ലധികം വീടുകൾ ഭാഗികമായും തകർന്നു. മൂന്നു പേർക്ക് പരിക്കേറ്റു.

പെരുവന്താനം പഞ്ചായത്തിലെ ചുഴുപ്പ്, കൊടികുത്തി, 35ാം മൈൽ, കല്ലുകീറി തുടങ്ങിയ ഭാഗങ്ങളിലാണ് വൻ നാശനഷ്ടമുണ്ടായത്. ചുഴലിക്കാറ്റിൽ നൂറുകണക്കിനു മരങ്ങൾ കടപുഴകി വീണു. പലയിടത്തും വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിലേക്കാണ് മരങ്ങൾ വീണത്. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പെരുവന്താനം പാരിസൺ എസ്റ്റേറ്റിലെ ലയത്തിനു മുകളിലേക്ക് മരം വീണാണ് മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റത്.

ഇടറോഡുകളെല്ലാം മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണും മണ്ണിടിഞ്ഞും ഗതാഗത യോഗ്യമല്ലാതായി. മലവെളളപ്പാച്ചിലിലും കാറ്റിലുമാണ് വൻതോതിൽ കൃഷി നാശമുണ്ടായത്. റബ്ബറും വാഴയുമൊക്കെ കാറ്റിൽ ഒടിഞ്ഞും കടപുഴകിയും വീണ്ടു. ഒടിഞ്ഞ പോസ്റ്റുകൾ മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും.

Next Story

RELATED STORIES

Share it