Kerala

രവി പൂജാരിയെ വിട്ടുകിട്ടണം; കേരള പോലിസ് ഇന്റര്‍പോളിന് കത്തയച്ചു

രവി പൂജാരി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പോലിസാണ് ഇന്റര്‍പോളിന് കത്തയച്ചത്. സെനഗലില്‍നിന്ന് അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കൊച്ചി പോലിസും ഇടപെടല്‍ നടത്തുന്നത്.

രവി പൂജാരിയെ വിട്ടുകിട്ടണം; കേരള പോലിസ് ഇന്റര്‍പോളിന് കത്തയച്ചു
X

കോഴിക്കോട്: വിദേശത്ത് അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടുന്നതില്‍ അവകാശവാദമുന്നയിച്ച് കേരള പോലിസ് ഇന്റര്‍പോളിനെ സമീപിച്ചു. രവി പൂജാരി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പോലിസാണ് ഇന്റര്‍പോളിന് കത്തയച്ചത്. സെനഗലില്‍നിന്ന് അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കൊച്ചി പോലിസും ഇടപെടല്‍ നടത്തുന്നത്.

വെടിവയ്പ് കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സിബിഐ മുഖേന ഇന്റര്‍പോളിന് കത്തയച്ചത് നടപടിക്രമങ്ങളുടെ ആദ്യപടിയാണ്. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലായി 70ലേറെ കേസുകള്‍ പൂജാരിയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസുകള്‍ നിലനില്‍ക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുകയെന്നത് ശ്രമകരമാണ്. അതുകൊണ്ടാണ് മുന്‍കൂര്‍ അവകാശവാദമുന്നയിച്ച് കേരളാ പോലിസ് കത്തയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അനുകൂലമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 15നാണ് നടി ലീനാ മരിയ പോള്‍ കൊച്ചിയില്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ത്ത് മടങ്ങുമ്പോള്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യസൂചന. 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പൂജാരി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ലീന മരിയ മൊഴിയും നല്‍കി.

റെക്കോര്‍ഡ് ചെയ്ത സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തു. വെടിവയ്പുണ്ടായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രവി പൂജാരി പ്രതിയല്ല. അതുകൊണ്ടുതന്നെ പിന്നീട് പോലിസ് രേഖപ്പെടുത്തിയ ലീനാ മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ പ്രതിചേര്‍ത്ത് അന്വേഷണസംഘം വൈകാതെ കോടതിക്ക് റിപോര്‍ട്ട് നല്‍കും.


Next Story

RELATED STORIES

Share it