Kerala

ഇത് മാവോവാദി വേട്ടയല്ല; ഫേക്ക് എന്‍കൗണ്ടര്‍: ചെന്നിത്തല

മാവോവാദികളുടെ നടപടിയെ താന്‍ അനുകൂലിക്കുന്നില്ല. അതിനെ ആശയപരമായാണ് നേരിടേണ്ടത്. അതിന് പകരം വെടിവെച്ച് കൊന്ന് അവരെ കീഴടക്കുന്നത് ശരിയല്ല. ഇന്ത്യയില്‍ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെടണം.

ഇത് മാവോവാദി വേട്ടയല്ല; ഫേക്ക് എന്‍കൗണ്ടര്‍: ചെന്നിത്തല
X

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടത്തുന്നത് മാവോവാദി വേട്ടയല്ല, മറിച്ച് ഫേക്ക് എന്‍കൗണ്ടറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോവാദിയെന്ന പേരില്‍ എല്ലാവരെയും വെടിവെച്ചു കൊല്ലുന്ന നടപടി ശരിയല്ല. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടിവരുമെന്നും നിയമസഭാ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ചോദ്യങ്ങളോട് പ്രതികരിച്ചു.

മുന്‍സര്‍ക്കാരുകളുടെ കാലത്തും മാവോവാദികളുണ്ടായിരുന്നു. അവരെയെല്ലാം വെടിവെച്ചു കൊല്ലുകയായിരുന്നില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് മാവോവാദി ദമ്പതികളായ രൂപേഷിനെയും ഷൈനിയെയും പിടികൂടിയത്. അവര്‍ക്ക് നേരെ തോക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ഫേക്ക് എന്‍കൗണ്ടറാണ്. മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജലീലിനെ കൊന്നതും ഫേക്ക് എന്‍കൗണ്ടറിലൂടെയായിരുന്നു. ജലീലിന്റെ മുതുകിലാണ് പോലിസ് വെടിവെച്ചത്. മാവോവാദികളുടെ നടപടിയെ താന്‍ അനുകൂലിക്കുന്നില്ല. അതിനെ ആശയപരമായാണ് നേരിടേണ്ടത്. അതിന് പകരം വെടിവെച്ച് കൊന്ന് അവരെ കീഴടക്കുന്നത് ശരിയല്ല. ഇന്ത്യയില്‍ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെടണം. ഫൂലന്‍ദേവി വരെ ആയുധം വെച്ച് കീഴടങ്ങിയ നാടാണിത്. കേരളത്തിലും അജിത, പ്രസാദ് തുടങ്ങിയവരുണ്ടായിരുന്നു. അവരെയൊക്കെ വെടിവെച്ചു കൊല്ലുകയായിരുന്നോയെന്ന് ചെന്നിത്തല ചോദിച്ചു.

ആറുപേരെയാണ് പിണറായി സര്‍ക്കാര്‍ വെടിവെച്ചു കൊന്നത്. ഇക്കാര്യത്തില്‍ ഡിജിപിയുടെ നിലപാട് തെറ്റാണ്. മാവോവാദി വേട്ടയ്ക്ക് പോകുന്ന തണ്ടര്‍ബോള്‍ട്ടിന് നല്‍കുന്ന നിര്‍ദ്ദേശമാണ് പ്രധാനം. ആ നിര്‍ദ്ദേശം അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അരിയും ലഘുലേഖകളും ഭക്ഷണവുമൊക്കെയാണ് കൊല്ലപ്പെടുന്ന മാവോവാദികളില്‍ നിന്ന് കണ്ടെടുക്കുന്നത്. ഇതൊന്നും മനുഷ്യത്വപരമായ കാര്യമല്ലെന്നും സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it