Kerala

രാമനാട്ടുകര-വെങ്ങളം ദേശീയ പാതാ വികസനം: പ്രവൃത്തി സംബന്ധിച്ച് ജൂലൈ 30 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം

രാമനാട്ടുകര-വെങ്ങളം ദേശീയ പാതാ വികസനം:  പ്രവൃത്തി സംബന്ധിച്ച് ജൂലൈ 30 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം
X

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയ പാതാ വികസന പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി നടത്തുന്നതിനും ഇതിന്റെ ഭാഗമായി പ്രവൃത്തിയുടെ വിശദ വിവരം ജൂലൈ 30 ന് പൊതുമരാമത്തുവകുപ്പിനും എന്‍എച്ച്‌ഐക്കും ജില്ലാ കലക്ടര്‍ക്കും നല്‍കാനും കരാര്‍ ഏറ്റെടുത്ത കെഎംസി കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കര്‍ശന നിര്‍ദ്ദേശം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഓഗസ്ത് 24 നകം നടത്തുന്ന പ്രവൃത്തികളെ കുറിച്ചുള്ള വിവരങ്ങളാണ് കരാര്‍ കമ്പനി സമര്‍പ്പിക്കേണ്ടത്. നിര്‍മ്മാണ പ്രവൃത്തിയുടെ വിവിധ ഘടകങ്ങള്‍ സമയ ക്രമമനുസരിച്ച് നല്‍കണം. റോഡിന്റെ അറ്റകുറ്റപണി, മരം വെട്ടല്‍, ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കല്‍ തുടങ്ങി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കൈകൊള്ളുന്ന നടപടികളെ കുറിച്ചെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

ആഗസ്ത് 24 വരെയുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്തി തൃപ്തികരമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം കേട്ട ശേഷം കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

കരാര്‍ കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഗണിച്ച് ഭാവി പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി ദേശീയ പാതാ അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, കെഎംസി ഡയറക്ടര്‍ ശശാങ്ക് ശേഖര്‍, എന്‍എച്ച് എ ഐ പ്രൊജക്ട് മെംബര്‍ ആര്‍ കെ പാണ്ഡെ, പിഡബ്ല്യുഡി സെക്രട്ടറി സി ആനന്ദ്, മോഹന്‍ലാല്‍(ഇന്‍കെല്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it