Kerala

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന്

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന്
X

തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനുമാണു മല്‍സരിക്കുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ അംഗസംഖ്യപ്രകാരം ജോസ് കെ മാണിക്ക് വിജയിക്കാനാവും. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ നിയമസഭയിലെ പ്രത്യേക പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്.

പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക സജ്ജീകരണമുണ്ട്. ഇപ്പോഴത്തെ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 പേരുമാണുള്ളത്.

മുന്നണികള്‍ വിപ്പ് നല്‍കിയ സാഹചര്യത്തില്‍ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പാര്‍ട്ടിയുടെ ഇന്‍ ഹൗസ് ഏജന്റിനെ കാണിക്കേണ്ടതുണ്ട്. എല്‍ഡിഎഫിന് സി കെ ഹരീന്ദ്രനും ഐ ബി സതീഷും യുഡിഎഫിന് അന്‍വര്‍ സാദത്തും സജീവ് ജോസഫുമാണ് ഇന്‍ഹൗസ് ഏജന്റുമാര്‍. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണും.

അരമണിക്കൂറിനുള്ളില്‍ ഫലപ്രഖ്യാപനം നടത്തും. യുഡിഎഫ് പിന്തുണയോടെയാണ് 2018ല്‍ ജോസ് കെ മാണി രാജ്യസഭയിലെത്തിയത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായതോടെ രാജ്യസഭാംഗത്വം രാജിവച്ചു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2024 വരെയാണ് കാലാവധി. പശ്ചിമ ബംഗാളിലും ഒഴിവ് വന്ന ഒരു രാജ്യസഭാ സീറ്റിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it