Kerala

രാജമല ദുരന്തം: തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും; കുടുങ്ങിക്കിടക്കുന്നത് 54 പേര്‍

കനത്ത മഴയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെ ആരംഭിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം.

രാജമല ദുരന്തം: തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും; കുടുങ്ങിക്കിടക്കുന്നത് 54 പേര്‍
X

ഇടുക്കി: രാജമല പെട്ടിമുടിയിലെ തേയിലത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കനത്ത മഴയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെ ആരംഭിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം. കനത്ത മഴ മുന്നില്‍കണ്ട് ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു യൂനിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നു.

എന്നാല്‍, വാഗമണ്ണില്‍ കഴിഞ്ഞദിവസം രാത്രി ഒരുകാര്‍ ഒലിച്ചുപോയ സംഭവത്തെതുടര്‍ന്ന് എന്‍ഡിആര്‍എഫ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പിന്നീട് ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിച്ചു. തൃശൂരില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും രാജമലയിലെ ദുരന്തമേഖലയിലേക്ക് നിയോഗിക്കുകയുണ്ടായി. ഇതുകൂടാതെ ഫയര്‍ഫോഴ്സിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ എറണാകുളത്തുനിന്നും നിയോഗിച്ചു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്.

അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നുവെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. 54 പേരാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ 30 കുടുംബങ്ങളാണ് ഒലിച്ചുപോയത്. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി(48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം (50), ഗണേശന്‍(40), 50 വയസുള്ള സ്ത്രീ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കണ്ണന്‍ദേവന്‍ ഹില്‍സ് & പ്ലാന്റഷന്‍സിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ 83 പേരാണ് താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് വലിയൊരുപ്രദേശം മുഴുവനായി ഇടിഞ്ഞ് വെള്ളപ്പാച്ചിലില്‍ ലയങ്ങളെ തുടച്ചുനീക്കിയത്. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാലുലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. കെഡിഎച്ച്പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. നാലുപേരടങ്ങുന്ന ഒരു കുടുംബം വലിയ ശബ്ദംകേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it