Kerala

മാധ്യമപ്രവര്‍ത്തകയെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്‍ കൈയേറ്റം ചെയ്തതായി പരാതി

മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പാന്‍ട്രി ജീവനക്കാരനായ ശിവ് ദയാല്‍ എന്ന ബിഹാര്‍ സ്വദേശിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകയെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്‍ കൈയേറ്റം ചെയ്തതായി പരാതി
X

തിരുവനന്തപുരം: യുവമാധ്യമപ്രവര്‍ത്തകയെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഖൊരഗ്പൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന രപ്തിസാഗര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പാന്‍ട്രി ജീവനക്കാരനായ ശിവ് ദയാല്‍ എന്ന ബിഹാര്‍ സ്വദേശിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു.

ഭാവിയില്‍ ഇയാളെ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ജോലിയിലും പരിഗണിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍നിന്ന് തിരുവനന്തപുരത്തെ ജോലിസ്ഥലത്തേക്ക് സഞ്ചരിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തക. കൊല്ലമെത്തിയപ്പോള്‍ സീറ്റിന് അടുത്തുകൂടി പോയ ചായ വില്‍ക്കുന്ന പാന്‍ട്രി ജീവനക്കാരനില്‍നിന്ന് ചായ വാങ്ങിയിരുന്നു. ഇതിനുശേഷം ഇയാള്‍ നിരന്തരം മാധ്യമപ്രവര്‍ത്തക ഇരിക്കുന്ന സീറ്റിന് അടുത്തുവരുകയും അവിടെ തന്നെ നില്‍ക്കുകയും ശല്യപ്പെടുത്താനും തുടങ്ങി.

തിരുവനന്തപുരത്തെത്തുംവരെ ഇത്തരത്തില്‍ ഇയാള്‍ പെരുമാറി. തുടര്‍ന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരത്തെത്തുന്നതിന് മുമ്പ് വാതിലിനടുത്തേക്ക് ബാഗുമായി നീങ്ങിയ ഇയാള്‍ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. ഉച്ചത്തില്‍ ബഹളം വച്ചതോടെ ചിലരെത്തി. ഇതോടെ ഇയാള്‍ പിന്‍മാറുകയും ദേഹത്ത് അറിയാതെ സ്പര്‍ശിക്കാന്‍ വന്നതാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രെയിനെത്തിയ ശേഷം റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി സെല്ലില്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it