Kerala

കമീഷനുള്ളില്‍തന്നെ എതിര്‍പ്പ്; ഉദ്യോഗാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ നിന്ന് പിഎസ്‌സി പിന്നോട്ട്

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആരോഗ്യവകുപ്പിലെ ജനറല്‍ ഫിസിയോതെറപിസ്റ്റ്, ആയുര്‍വേദ കോളജിലെ ഫിസിയോതെറപിസ്റ്റ് തസ്തികകളിലെ ഉദ്യോഗാര്‍ഥികളെയാണ് പിഎസ്‌സി വിലക്കാന്‍ തീരുമാനിച്ചിരുന്നത്.

കമീഷനുള്ളില്‍തന്നെ എതിര്‍പ്പ്;  ഉദ്യോഗാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ നിന്ന് പിഎസ്‌സി പിന്നോട്ട്
X

തിരുവനന്തപുരം: തൊഴില്‍ നിഷേധത്തിനെതിരെ പ്രതികരിച്ച ഉദ്യോഗാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിഎസ്‌സി പിന്‍മാറുന്നു. കമീഷന്‍ അറിയാതെ ചെയര്‍മാന്‍ എം കെ സക്കീര്‍ നേരിട്ട് ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചതിനെതിരെ കമീഷനുള്ളില്‍തന്നെ ഒരുവിഭാഗം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പിന്‍മാറ്റം.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കുമെന്നും അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗാര്‍ഥികളെ വിലക്കാനോ ശിക്ഷാനടപടി സ്വീകരിക്കാനോ കമീഷന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ചു. ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനുശേഷം ഉദ്യോഗാര്‍ഥികളുടെ വാദം കേള്‍ക്കുമെന്നും പിഎസ്‌സി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആരോഗ്യവകുപ്പിലെ ജനറല്‍ ഫിസിയോതെറപിസ്റ്റ്, ആയുര്‍വേദ കോളജിലെ ഫിസിയോതെറപിസ്റ്റ് തസ്തികകളിലെ ഉദ്യോഗാര്‍ഥികളെയാണ് പിഎസ്‌സി വിലക്കാന്‍ തീരുമാനിച്ചിരുന്നത്.

ഇതുസംബന്ധിച്ച് സെക്രട്ടറി സാജു ജോര്‍ജ് കമീഷന്‍ തീരുമാനമെന്ന നിലയില്‍ ആഗസ്റ്റ് 25ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് വിവാദമായിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനായിരുന്നു കമീഷന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഇതുമറികടന്ന് ചെയര്‍മാന്‍ നേരിട്ട് പി.എസ്.സി ചട്ടം 22 പ്രകാരം കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചെയര്‍മാന്റെ നടപടി ചട്ടവിരുദ്ധമാണെന്നും ഇത് നിയമനടപടികളിലേക്ക് ഭാവിയില്‍ പിഎസ്‌സിയെ വലിച്ചിഴച്ചേക്കാമെന്നും കമീഷന്‍ അംഗങ്ങള്‍തന്നെ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ചെയര്‍മാന്‍ പിന്‍വാങ്ങിയത്.

Next Story

RELATED STORIES

Share it