Kerala

സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മല്‍സരം; ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

കൊവിഡ് പ്രോട്ടോക്കോള്‍ ഒരുതരത്തിലും പാലിക്കുന്നില്ല. നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ വേണ്ടിവരും.

സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മല്‍സരം; ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മല്‍സരം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രോട്ടോക്കോള്‍ ഒരുതരത്തിലും പാലിക്കുന്നില്ല. നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ വേണ്ടിവരും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടും എപ്പിഡമിക് ഓര്‍ഡിനന്‍സും പ്രാകാരം ഇവര്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ ടി ജലീലിനെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട് സപ്തംബര്‍ 11 മുതല്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് 385 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1131 പേര്‍ അറസ്റ്റിലായി. സമരക്കാര്‍ മാസ്‌ക് ധരിക്കുന്നില്ല. ശാരീരിക അലം പാലിക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 1,629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കൊവിഡ് കാലത്ത് ആവശ്യമായ ജാഗ്രതപാലിക്കാതെയാണ് സമരം നടത്തുന്നത്. ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. വലിയ കൂട്ടമായി പ്രതിഷേധക്കാര്‍ തള്ളിക്കയറുന്നു. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ഒരു പ്രവര്‍ത്തനവും ഇക്കാലത്ത് സമൂഹത്തില്‍ നടത്താന്‍ പാടില്ല. ഈ ഘട്ടത്തില്‍ ഇത്തരം സമരരീതികള്‍ നാടിനെതിരായ വെല്ലുവിളിയായി മാത്രമെ കാണാനാവൂ.

രോഗവ്യാപന ശ്രമം പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സമൂഹത്തില്‍ വ്യാജവാര്‍ത്ത തടയണമെന്നതില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാജവാര്‍ത്തകള്‍ സമൂഹത്തിനെ ആകെ ബാധിക്കുന്ന ഒരു വിപത്താണെന്ന് തിരിച്ചറിയണം. ഇത് ജനാധിപത്യത്തെ അപകടപ്പെടുത്തുന്നു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഏത് മാധ്യമങ്ങളായാലും ചിലപ്പോള്‍ തെറ്റുപറ്റിയേക്കാം.

യാദൃശ്ചികമായി ഇങ്ങനെ പറ്റുന്നതിനെ ബോധപൂര്‍വമായ നിര്‍മിതിയായി ആരും കണക്കാക്കില്ല. പക്ഷെ തെറ്റുതിരുത്താന്‍ സ്വാഭാവികമായും അവര്‍ തയ്യാറാകേണ്ടതുണ്ട്. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താനേ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ ചമച്ച് അത് പ്രചരിപ്പിക്കുന്നതിനെയാണ് വ്യാജവാര്‍ത്തകളെന്ന് പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങളാണ് സമൂഹത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നത്. വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ അവര്‍ ബദ്ധശ്രദ്ധരായിരിക്കണം.

70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്റെ പേരില്‍ ചേര്‍ത്തല സ്വദേശി ഓമനക്കുട്ടന് മാധ്യമവിചാരണ നേരിടേണ്ടിവന്നു. ഇതിന്റെ യഥാര്‍ഥസ്ഥിതി പുറത്തുകൊണ്ടുവന്നതും മാധ്യമങ്ങളാണ്. എന്നാല്‍, യാഥാര്‍ഥ്യം പുറത്തുവന്നിട്ടും ഒരുകൂട്ടര്‍ മാത്രം പറഞ്ഞിടത്തുതന്നെ നിന്നു. കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വളരെ ഗൗരവമായി കാണണം. വ്യാജവാര്‍ത്തകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളുണ്ടായിട്ടുമുണ്ട്. എല്ലാ മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികളില്‍ സഹകരിക്കണം. മാധ്യമസ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it