Kerala

പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കം

കൊച്ചി,ചെന്നൈ എന്നിങ്ങനെ രണ്ടു വേദികളിലായി 18 മല്‍സരങ്ങള്‍.ആദ്യ 12 മല്‍സരങ്ങള്‍ കൊച്ചിയിലും രണ്ടു സെമിഫൈനലുകളും ഫൈനലും അടക്കം ആറു മല്‍സരങ്ങള്‍ ചെന്നൈയിലും. ഇന്ന് വൈകിട്ട് ഏഴിന് ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് യു മുംബ വോളിയെ നേരിടും. ബാഡ്മിന്റണ്‍ താരം പി വി സിന്ധു അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന മല്‍സരം വീക്ഷിക്കാനെത്തും.

പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കം
X

കൊച്ചി: പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കേരളത്തില്‍ നിന്നുള്‍പ്പെടെ ആറു നഗരങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ ഏറ്റു മുട്ടുന്ന മല്‍സരം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൊച്ചി.ചെന്നൈ എന്നിങ്ങനെ രണ്ടു വേദികളിലായി 18 മല്‍സരങ്ങള്‍. ആദ്യ 12 മല്‍സരങ്ങള്‍ കൊച്ചിയിലും രണ്ടു സെമിഫൈനലുകളും ഫൈനലും അടക്കം ആറു മല്‍സരങ്ങള്‍ ചെന്നൈയിലുമാണ് നടക്കുന്നത് ഇന്ന് വൈകിട്ട് ഏഴിന് ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് യു മുംബ വോളിയെ നേരിടും. ബാഡ്മിന്റണ്‍ താരം പി വി സിന്ധു അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന മല്‍സരം വീക്ഷിക്കാനെത്തും. ഇന്ത്യന്‍ ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യനാണ് ബ്ലൂ സ്പൈക്കേഴ്സിന്റെ നായകന്‍. ഛത്തീസ്ഗണ്ഡില്‍ നിന്നുള്ള ദീപേഷ് സിന്‍ഹയാണ് യു മുംബ ക്യാപ്റ്റന്‍. കാലിക്കറ്റ് ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, അഹമ്മദാബാദ് ഡിഫന്റേഴ്സ്, ബ്ലാക്ക് ഹോക്സ് ഹൈദരാബാദ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. പ്രാഥമിക ഘട്ടത്തില്‍ ഓരോ ടീമുകളും റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മല്‍സരിക്കും. മികച്ച നാലു ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ദിവസവും രാത്രി ഏഴിനാണ് മല്‍സരങ്ങള്‍. 22ന് ചെന്നൈയില്‍ ഫൈനല്‍ നടക്കും. സോണി സിക്സിലും സോണി ടെന്‍ ത്രീയിലും സോണി ലൈവ് ആപ്പിലും മല്‍സരങ്ങള്‍ തത്സമയം കാണാം.

ആറു ടീമുകളിലും രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 12 കളിക്കാരാണുള്ളത്. അമേരിക്കയുടെ ഒളിമ്പിക് താരങ്ങളായ ഡേവിഡ് ലീ കൊച്ചിക്കും പോള്‍ ലോട്ട്മാന്‍ കാലിക്കറ്റിനും വേണ്ടി കളിക്കും. ഇന്ത്യയുടെ രാജ്യാന്തര താരങ്ങളായ പ്രഭാകരന്‍, ജെറോം വിനീത്, അഖിന്‍ ജാസ്, ദീപേഷ് സിന്‍ഹ, രഞ്ജിത് സിങ്, ഗുരുന്ദീര്‍ സിങ്, വിനീത് ചൗധരി, ഉക്രപാണ്ഡ്യന്‍ എന്നിവരാണ് ലീഗിലെ ഐക്കണ്‍ താരങ്ങള്‍. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ സര്‍വീസസ് താരം രഞ്ജിത് സിങാണ് വില കൂടിയ താരം.ആരാധകര്‍ക്ക് ആവേശം പകരാനും കളിക്ക് വേഗം കൂട്ടാനുമായി റൗണ്ട് റോബിന്‍ മല്‍സരങ്ങള്‍ 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും നടക്കുക. ആദ്യം 15 പോയിന്റിലെത്തുന്നവര്‍ വിജയിക്കും. പ്ലേഓഫുകളില്‍ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം നല്‍കും. ഒരു ടീം 5-0ന് വിജയിച്ചാല്‍ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും. ആവേശം കൂട്ടുന്നതിനായി സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ് എന്നിങ്ങനെ രണ്ടു ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഏസ് സെര്‍വ് ചെയ്യുന്നതിനും രണ്ടു പോയിന്റ് വീതം ടീമിന് ലഭിക്കും. ഇതിന് സൂപ്പര്‍ സെര്‍വ് എന്നു പറയും. ഓരോ സെറ്റിലും ടീമിന് സൂപ്പര്‍ പോയിന്റ് വിളിക്കാം. സൂപ്പര്‍ പോയിന്റ് വിളിച്ച ടീം അതു നേടിയാല്‍ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാല്‍ എതിരാളികള്‍ക്ക് രണ്ടു പോയിന്റ് ലഭിക്കും. ഒരു ടീം 11 പോയിന്റ് നേടുന്നതു വരെ മാത്രമാണ് സൂപ്പര്‍ പോയിന്റ് വിളിക്കാന്‍ അനുവാദമുള്ളത്. മല്‍സരങ്ങള്‍ക്കായി എല്ലാ ടീമുകളും കൊച്ചിയിലെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it