Kerala

ഇന്ദിര ഗാന്ധിയേയും നര്‍ഗീസ് ദത്തിനെയും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് വെട്ടിമാറ്റിയതിന് പിന്നില്‍ പ്രിയദര്‍ശനും; വിമര്‍ശനവുമായി കെ ടി ജലീല്‍

ഇന്ദിര ഗാന്ധിയേയും നര്‍ഗീസ് ദത്തിനെയും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് വെട്ടിമാറ്റിയതിന് പിന്നില്‍ പ്രിയദര്‍ശനും; വിമര്‍ശനവുമായി കെ ടി ജലീല്‍
X
മലപ്പുറം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ നീക്കം ചെയ്തതില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സി.പി.ഐ.എം നേതാവും തവനൂര്‍ എം.എല്‍.എയുമായ കെ ടി ജലീല്‍. ഇന്ദിര ഗാന്ധിയേയും നര്‍ഗീസ് ദത്തിനെയും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് വെട്ടിമാറ്റിയതിന് പിന്നില്‍ പ്രിയദര്‍ശനും ഉണ്ട് എന്നായിരുന്നു കെ.ടി. ജലീലിന്റെ ആദ്യ പ്രതികരണം. പുരസ്‌കാരങ്ങളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി മാറിയെന്നും കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ ഫാസിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നുവെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.

അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് ഒരാളെ 'വെട്ടിമാറ്റല്‍ സര്‍ജറിയില്‍' പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആ ചതി തിരിച്ചറിഞ്ഞ് തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയദര്‍ശന്‍ അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമര്‍ഷം ചെറുതല്ലെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു. 'വിനാശകാലേ വിപരീത ബുദ്ധി എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല, പ്രിയദര്‍ശാ നീയും,' എന്നും പ്രിയദര്‍ശനെതിരെ കെ.ടി ജലീല്‍ വിമര്‍ശനം ഉയര്‍ത്തി.

ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശയിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ നീക്കം ചെയ്തത്. 'മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിര ഗാന്ധി അവാര്‍ഡ്', 'ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്' എന്ന രീതിയില്‍ ആയിരുന്നു ഇതുവരെ ഈ വിഭാഗത്തിനുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നത്.



എന്നാല്‍ ഈ പുരസ്‌കാരങ്ങള്‍ ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്, ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം എന്ന് ഇനി അറിയപ്പെടുമെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി അറിയിച്ചു. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡുകള്‍ ഇതിലായിരിക്കും ഇനി ഉള്‍പ്പെടുക.






Next Story

RELATED STORIES

Share it