Kerala

കൊച്ചിയില്‍ സിന്തറ്റിക് മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് പോലിസ്

ജനുവരി മുതല്‍ മാര്‍ച്ച് വരെ 368 മയക്കുമരുന്ന് കേസുകളിലായി 406 പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി ഐശ്വര്യ ദോംഗ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇക്കാലയളവില്‍ 26.34 കിലോ കഞ്ചാവ്, 733 എല്‍എസ്ഡി സ്റ്റാമ്പ്, 108 നൈട്രോസണ്‍ ഗുളികകള്‍, 116.59 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം ഹാഷിഷ് എന്നിവയും 8,04,500 രൂപയും പിടിച്ചെടുത്തു

കൊച്ചിയില്‍ സിന്തറ്റിക് മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് പോലിസ്
X

കൊച്ചി: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് കേസുകള്‍ കൊച്ചിയില്‍ വര്‍ധിച്ചു വരുന്നതായി പോലിസ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 368 മയക്കുമരുന്ന് കേസുകളിലായി 406 പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി ഐശ്വര്യ ദോംഗ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇക്കാലയളവില്‍ 26.34 കിലോ കഞ്ചാവ്, 733 എല്‍എസ്ഡി സ്റ്റാമ്പ്, 108 നൈട്രോസണ്‍ ഗുളികകള്‍, 116.59 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം ഹാഷിഷ് എന്നിവയും 8,04,500 രൂപയും പിടിച്ചെടുത്തു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷണലുകള്‍ വരെ ലഹരി വില്‍ക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും സംഘത്തിലുണ്ട്.

മയക്കുമരുന്നിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് എക്സൈസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കി.മൂന്ന് മാസത്തിനിടെ കൊച്ചിയില്‍ ലഹരി സംബന്ധിച്ച കേസുകള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. യോദ്ധാവ് ആപ് മുഖേന ലഭിച്ച 267 പരാതികളില്‍ 240 എണ്ണത്തില്‍ നടപടി സ്വീകരിച്ചു. 15 കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം കേസുകളിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മുതല്‍ കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിച്ചവരുമുണ്ട്. പ്രതികളില്‍ അധികവും 18നും 30നും ഇടയിലുള്ളവരാണ്.

എക്സൈസ്, സിഐഎസ്എഫ്, ആര്‍പിഎഫ്, റെയില്‍വേ പോലിസ്, ഡോഗ് സ്വാഡ് എന്നിവരുടെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്റ്റേഷന്‍, തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുമെന്നും ഡിസിപി പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9995966666, 9497990065, 9497980430 എന്നീ നമ്പറുകളില്‍ പോലിസിനെ അറിയിക്കാം. നാര്‍ക്കോട്ടിക് എസിപി കെ എ തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it