Kerala

മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ഇനി പോലിസ് സഹായം; ബന്ധുക്കള്‍ സത്യവാങ്മൂലം നല്‍കണം

ബന്ധുക്കളാണ് മരുന്നുകള്‍ എത്തിച്ച് നൽകുന്നതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്‍റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്ന് എന്നിവയടങ്ങിയ സത്യവാങ്മൂലം കൂടി നല്‍കണം.

മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ഇനി പോലിസ് സഹായം; ബന്ധുക്കള്‍ സത്യവാങ്മൂലം നല്‍കണം
X

തിരുവനന്തപുരം: ജീവന്‍രക്ഷാമരുന്നുകള്‍ ആവശ്യമായവര്‍ക്ക് ആശുപത്രിയില്‍ നിന്നോ ഡോക്ടര്‍മാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശേഖരിച്ച് യഥാസ്ഥാനത്തു എത്തിച്ചുനല്‍കുന്ന സംവിധാനം നിലവില്‍ വന്നു. ബന്ധുക്കളാണ് മരുന്നുകള്‍ എത്തിച്ചുനല്കുന്നതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്‍റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്ന് എന്നിവയടങ്ങിയ സത്യവാങ്മൂലം കൂടി നല്‍കേണ്ടതാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കേരളത്തിലെവിടെയും ജീവന്‍രക്ഷാമരുന്ന് എത്തിച്ചുനല്‍കാനുള്ള സംവിധാനം പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് 112 എന്ന നമ്പറില്‍ വിളിച്ചു സഹായം ആവശ്യപ്പെടുകയോ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മരുന്ന് എത്തിച്ചു നല്‍കുകയോ ചെയ്യാം. ജില്ലയ്ക്കകത്തു മരുന്ന് ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ജനമൈത്രി പോലീസിന്‍റെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍വ്വഹിക്കും.

സംസ്ഥാനത്തെമ്പാടും മരുന്ന് എത്തിച്ചു നല്‍കുന്നതിന് തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈവേ പട്രോള്‍വാഹനവും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയുടെ ചുമതല. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി മേല്‍നോട്ടം വഹിക്കും. ഫാര്‍മസിസ്റ്റുമാര്‍, ഡോക്ടര്‍മാര്‍, ആശുപത്രികള്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് ഈ സേവനം വിനിയോഗിക്കാം.

Next Story

RELATED STORIES

Share it