Kerala

കെ റയിലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: കെ റയിൽ വിരുദ്ധ ജനകീയ സമിതി

സ്ത്രീകളെ ഉൾപ്പടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. പോലിസ് നടപടിക്കിടയിൽ മജീദ് എന്ന പ്രദേശവാസി ബോധരഹിതനായി നിലത്തു വീണു.

കെ റയിലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: കെ റയിൽ വിരുദ്ധ ജനകീയ സമിതി
X

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കെ റയിൽ കല്ലിടൽ നടത്തുവാൻ വേണ്ടി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മലപ്പുറം ജില്ലാ ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട്, കൺവീനർ പി കെ പ്രഭാഷ് എന്നിവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസമായി വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നെടുവ വില്ലേജിൽ കെ റയിൽ കല്ലിടൽ നടത്തുവാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തിങ്കളാഴ്ച അതിരാവിലെ വലിയ പോലിസ് സന്നാഹം പരപ്പനങ്ങാടിയിൽ എത്തുകയും ചെറിയ റോഡുകളെല്ലാം ബാരിക്കേഡുകൾ വെച്ച് അടച്ചു. തുടർന്ന് ജനകീയ സമിതിയുടെ പ്രാദേശിക നേതാക്കളിൽ പലരെയും രാവിലെ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലെടുത്തു.

രാവിലെ ഒമ്പതു മണിയോടെ ജനകീയ സമിതി ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട്, സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, ജില്ലാ കൺവീനർ പി കെ പ്രഭാഷ്, മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ, ജില്ലാ നേതാക്കളായ ബാബുരാജ് വളപ്പിൽ, മുനീർ വെട്ടിയാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ചെത്തി തങ്ങളുടെ ഭൂമിയിൽ കല്ലിടുവാൻ പാടില്ലെന്ന് അറിയിച്ചു. കല്ലിടൽ നിയമവിരുദ്ധമാണെന്ന് ചെയർമാൻ അഡ്വ.അബൂബക്കർ ചെങ്ങാട് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഏതു വിധേനയും കെറയിൽ കല്ലിടലിന് സാഹചര്യമൊരുക്കുവാൻ പോലിസിന് നിർദ്ദേശമുണ്ടെന്ന് സിഐ പറഞ്ഞു. തുടർന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടു ജനങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളെ ഉൾപ്പടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. പോലിസ് നടപടിക്കിടയിൽ മജീദ് എന്ന പ്രദേശവാസി ബോധരഹിതനായി നിലത്തു വീണു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പോലിസ് വാഹനത്തിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ പോലിസ് വിസമ്മതിച്ചു. വഴിയിൽ പോലിസ് വാഹനങ്ങളും ബാരിക്കേഡുകളുമായതിനാൽ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടു പോകുവാൻ താമസം നേരിട്ടു. ഇതുകണ്ട് നിന്ന മജീദിന്റെ പെൺമക്കളും കുഴഞ്ഞുവീഴുകയും ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പതിനാറു സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കെപിഎ മജീദ്, കുറുക്കോളി മൊയ്ദീൻ എന്നീ എംഎൽഎമാർ സ്ഥലത്ത് എത്തിയ ശേഷമാണ് പോലിസ് ഭീകരത അവസാനിപ്പിച്ചത്. ഈ വിധത്തിൽ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ് നടപടി കേരള ജനതയോടുളള യുദ്ധപ്രഖ്യാപനമാണെന്നും ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കണമെന്നും ജനകീയസമിതി നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Next Story

RELATED STORIES

Share it