Kerala

രാഹുല്‍ഗാന്ധിക്കെതിരായ കൈയേറ്റം പ്രതിഷേധാര്‍ഹം: നാസറുദ്ദീന്‍ എളമരം

അക്രമത്തിലെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് അദ്ദേഹം നടത്തിയത്. പക്ഷെ, അതിനെ അസാധാരണമായ നടപടിയിലൂടെയാണ് പോലിസ് കൈകാര്യം ചെയ്തത്.

രാഹുല്‍ഗാന്ധിക്കെതിരായ കൈയേറ്റം പ്രതിഷേധാര്‍ഹം: നാസറുദ്ദീന്‍ എളമരം
X

കോഴിക്കോട്: കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ഗാന്ധിയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം. സാങ്കേതികമായി പ്രതിപക്ഷ പദവിയില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അക്രമത്തിലെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് അദ്ദേഹം നടത്തിയത്. പക്ഷെ, അതിനെ അസാധാരണമായ നടപടിയിലൂടെയാണ് പോലിസ് കൈകാര്യം ചെയ്തത്.

ഫാഷിസത്തിന് മുന്നില്‍ ആരും ഒന്നുമല്ലെന്ന സന്ദേശമാണ് ഈ കൈയേറ്റത്തിലൂടെ ബിജെപിയും യുപി സര്‍ക്കാരും നല്‍കുന്നതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ദലിത് പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും അംഗവൈകല്യം വരുത്തുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വിവിധ തുറകളില്‍നിന്ന് അതിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വഭരണത്തില്‍ ദലിതരുടെയും പിന്നാക്കക്കാരുടെയും മുസ്‌ലിംകളുടെയും അവസ്ഥ ഇങ്ങനെ ആയിരിക്കുമെന്നാണ് സമീപകാലത്ത് യുപിയില്‍നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഇരയ്ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാനും പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധമായി നേരിടാനുമാണ് ആദിത്യനാഥ് ശ്രമിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തയും ഇതോടൊപ്പം വരുന്നുണ്ട്. ജനാധിപത്യപരമായ ഒരു മര്യാദയും കാണിക്കാത്ത ഹിന്ദുത്വഫാഷിസത്തിന്റെ അപകടത്തിനെതിരേ സമാനഹിന്ദുത്വം കൊണ്ട് എതിരിടാന്‍ നോക്കുന്ന കോണ്‍ഗ്രസ് ഇനിയെങ്കിലും പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്ന് നാസറുദ്ദീന്‍ എളമരം ഓര്‍മപ്പെടുത്തി.

Next Story

RELATED STORIES

Share it