Kerala

ഷാഫി പറമ്പിലിനെതിരായ പോലിസ് മര്‍ദനം; വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഷാഫി പറമ്പിലിനെ മര്‍ദിച്ചത് കാട്ടുനീതി- കെ സി വേണുഗോപാല്‍

ഷാഫി പറമ്പിലിനെതിരായ പോലിസ് മര്‍ദനം; വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
X

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ പോലിസ് മര്‍ദിച്ചതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപകപ്രതിഷേധം. കോഴിക്കോട് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഐജി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന്, നടത്തിയ റോഡ് ഉപരോധവും തര്‍ക്കത്തില്‍ കലാശിച്ചു.

കാസര്‍കോട് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കാസര്‍കോട് കാഞ്ഞങ്ങാട് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

എറണാകുളത്ത് ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കരിങ്കൊടി ഉയര്‍ത്തിയും ദേഹത്ത് കരി ഓയില്‍ ഒഴിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി എത്തുന്നതിനുമുന്‍പ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ ടി സിദ്ദീഖ് എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം ഉള്‍പ്പെടെ ചേര്‍ത്താണ് കസബ പോലിസ് കേസെടുത്തത്. കമ്മീഷണര്‍ ഓഫീസിന്റെ ഗേറ്റ് തകര്‍ത്തതില്‍ 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.

ഷാഫി പറമ്പിലിനെതിരായ പോലിസ് മര്‍ദനത്തിനെതിരെ തുടര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശനിയാഴ്ച വൈകീട്ട് പേരാമ്പ്രയില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ച് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ ,സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it