Kerala

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി പോലിസിന്റെ പിടിയില്‍

പോലിസ് ഇന്‍സ്‌പെക്ടര്‍ ജോതീന്ദ്രകുമാര്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിടെ രാത്രി രണ്ടുമണിക്ക് കാളികാവ് കറുത്തേനി ബസ് സ്റ്റോപ്പില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി പോലിസിന്റെ പിടിയില്‍
X

കാളികാവ്: നൂറിലേറെ മോഷണക്കേസുകളിലെ പ്രതി കാളികാവ് പോലിസിന്റെ വലയിലായി. വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശി വാക്കയില്‍ അക്ബര്‍ (52) ആണ് പിടിയിലായത്. പോലിസ് ഇന്‍സ്‌പെക്ടര്‍ ജോതീന്ദ്രകുമാര്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിടെ രാത്രി രണ്ടുമണിക്ക് കാളികാവ് കറുത്തേനി ബസ് സ്റ്റോപ്പില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ആക്കുംപാറിലെ വാല്‍പ്പറമ്പന്‍ ആമിനയുടെ വീട്ടില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരി 29ന് 17 പവനും 70,000 രൂപയുമാണ് പ്രതി അവസാനമായി മോഷ്ടിച്ചത്. അസമയത്ത് ബസ് സ്റ്റോപ്പില്‍ കണ്ട പ്രതിയെ സംശയം തോന്നിയ പോലിസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് മുഴുവന്‍ മോഷണക്കേസുകള്‍ക്കും തുമ്പുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് വെള്ളയൂരില്‍തന്നെയുള്ള മറ്റൊരു വീട്ടില്‍നിന്ന് 40,000 രൂപയും പ്രതി മോഷ്ടിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്ന ആറ് കേസുകള്‍ക്ക് ഇതോടെ തുമ്പായി.

കരുവാരക്കുണ്ട്, വഴിക്കടവ്, കാളികാവ് എന്നിവിടങ്ങളില്‍ മോഷണം, കവര്‍ച്ച തുടങ്ങി ഇയാള്‍ക്കെതിരേ 180 കേസുകളുണ്ട്. ആമിനയുടെ വീട്ടുകാര്‍ ആശുപത്രിയിലായിരിക്കെയാണ് മോഷണം നടത്തിയത്. വാതിലിന്റെ പുട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് പ്രതി അകത്തുകടന്നത്. ആമിനയുടെയും മരുമകള്‍, പേരക്കുട്ടി എന്നിവരുടെ ആഭരണങ്ങളാണ് മോഷണം പോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സിപിഒമാരായ കൃഷ്ണകുമാര്‍, രാരിഷ്, ആശിഫലി, സന്ധ്യ എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it