Kerala

കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു: എസ്ഡിപിഐ

ഹൈക്കോടതിയില്‍ 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴും വന്‍തുക മുടക്കിയാണ് പ്രതികള്‍ക്കുവേണ്ടി വീണ്ടും അഭിഭാഷകരെ എത്തിക്കുന്നത്. 133 സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രതിമാസ ശമ്പളം 1.49 കോടി രൂപയാണ്.

കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു: എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ മുണ്ടുമുറുക്കിയുടുക്കാന്‍ ആഹ്വാനംചെയ്യുന്ന പിണറായി സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരായ കൊലക്കേസ് പ്രതികളെ ഉള്‍പ്പെടെ രക്ഷിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്.

ഹൈക്കോടതിയില്‍ 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴും വന്‍തുക മുടക്കിയാണ് പ്രതികള്‍ക്കുവേണ്ടി വീണ്ടും അഭിഭാഷകരെ എത്തിക്കുന്നത്. 133 സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രതിമാസ ശമ്പളം 1.49 കോടി രൂപയാണ്. ഇതിന് പുറമെ എജി, രണ്ട് അഡീ.എജി, ഡിജിപി, അഡി.ഡിജിപി, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിങ് ഫീസും നല്‍കുന്നുണ്ട്. ഇതുകൂടാതെയാണ് സര്‍ക്കാരിന് പ്രത്യേകം താല്‍പര്യമുള്ള കേസുകള്‍ വാദിക്കാനായി മറ്റ് അഭിഭാഷകരെ എത്തിക്കുന്നത്.

കാരുണ്യ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരുടെ ചികില്‍സാചെലവുകളുടെ തുകപോലും സ്വകാര്യാശുപത്രിക്ക് നല്‍കാതെ ചികില്‍സ പോലും മുടക്കിയ സര്‍ക്കാരാണ് അനാവശ്യകാര്യങ്ങള്‍ക്കായി പരിധിവിട്ട് തുക ചെലവഴിക്കുന്നത്. കൂടാതെ പിണറായി വിജയന്റെ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ക്കായി പ്രതിവര്‍ഷം ഒരുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് പൊതുപണം ധൂര്‍ത്തടിക്കുന്നതിനെതിരേ ശക്തമായ പ്രചാരണപരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.

Next Story

RELATED STORIES

Share it