Kerala

ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുചെയ്തത്; അലനും താഹയ്ക്കുമെതിരായ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അങ്ങനെ പറയാന്‍ തയ്യാറല്ല. സമയമാവുമ്പോള്‍ അവര്‍ ചെയ്ത കുറ്റത്തെക്കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുചെയ്തത്; അലനും താഹയ്ക്കുമെതിരായ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി. അവരെന്തോ പരിശുദ്ധന്‍മാരാണ്, ഒരു തെറ്റുംചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റുചെയ്തത് എന്ന തരത്തില്‍ ധാരണവേണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അങ്ങനെ പറയാന്‍ തയ്യാറല്ല. സമയമാവുമ്പോള്‍ അവര്‍ ചെയ്ത കുറ്റത്തെക്കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യുഎപിഎയ്ക്ക് സര്‍ക്കാര്‍ എതിരാണ്. പക്ഷേ, യുഎപിഎ ചുമത്തിയ കേസുകള്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ പോലിസ് നടപടിക്കെതിരേ കടുത്ത വിമര്‍ശനം പോലിസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരേ സിപിഎമ്മും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it