Kerala

സിപിഎമ്മുമായുള്ള സഹകരണം:മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മുമായി സഹകരിക്കാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. ബോധമുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറയില്ല.കോണ്‍ഗ്രസും അതിന്റെ നേതാക്കളും മോഹവലയത്തില്‍പ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് രാജ്യം ഭരിച്ച പാര്‍ടിയാണത്. എന്നാല്‍ ഇന്ന് ശോഷിച്ചു

സിപിഎമ്മുമായുള്ള സഹകരണം:മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
X

കൊച്ചി: ആയുധം താഴെ വെച്ചാല്‍ കേരളത്തില്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ബിജെപിയെ പരാജയപ്പെടുത്താന്‍ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മുമായി സഹകരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. ബോധമുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കോണ്‍ഗ്രസും അതിന്റെ നേതാക്കളും മോഹവലയത്തില്‍പ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് രാജ്യം ഭരിച്ച പാര്‍ടിയാണത്. എന്നാല്‍ ഇന്ന് ശോഷിച്ചു. ജനവിരുദ്ധ നയങ്ങളാണ് അവര്‍ക്ക് തിരിച്ചടിയായത്. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ടികളാണ് പ്രബലമായത്. ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വര്‍ഗീയതയുടെ എ ടീമായാലും ബി ടീമായാലും ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. വര്‍ഗീയതയോടുള്ള സമരസപ്പെടല്‍ രീതി അവസാനിപ്പിച്ച് കോണ്‍ഗ്രസ് യഥാര്‍ഥ രാഷ്ട്രീയ പാര്‍ടിയാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രക്ഷയില്ല. ഇവര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്. ബിജെപിയുടെ കൂടെ നിന്നവര്‍ പലരും വിട്ടുപോയി. യുപിയില്‍ എസ്പിയും ബിഎസ്പിയും ചേര്‍ന്നുള്ള സഖ്യം മഹാശക്തിയാണ്. യുപിയില്‍ തിരിച്ചടി നേരിട്ടാല്‍ കേന്ദ്രത്തില്‍ ബിജെപിയുടെ അധികാരമോഹം കൊഴിയും. കോണ്‍ഗ്രസ് ഈ യഥാര്‍ഥ്യം ഉള്‍ക്കൊള്ളണം.സിപിഎമ്മിന് മല്‍,സരിക്കാന്‍ കഴിയുന്നിടത്തേ മല്‍സരിക്കുന്നുള്ളു. മറ്റിടങ്ങളില്‍ മതനിരപേക്ഷ സ്ഥാനാര്‍ഥികള്‍ ജയിക്കണമെന്നാണ് പാര്‍ടിയുടെ കാഴ്ചപാട്. ബിജെപിയുടെ പരാജയമാണ് പ്രധാനം. 40 അല്ല 400 കോടിയായാലും ഇടതുപക്ഷത്തിന്റെ എംപിമാരെ സമീപിക്കാന്‍ സംഘപരിവാരത്തിന് ധൈര്യമുണ്ടാകില്ല. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലം ബിജെപിയിലേക്ക് ചേക്കേറുകയാണ്.

വര്‍ഗീയതയെ എതിര്‍ക്കാതെ മതനിരപേക്ഷത സംരക്ഷിക്കാനാവില്ല. ബിജെപിയെ തോല്‍പിച്ച് മധ്യപ്രദേശില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചിരിക്കുയാണ്. സംഘപരിപവാരത്തേക്കാള്‍ തങ്ങളാണ് മുന്നിലെന്ന് കോണ്‍ഗ്രസ് തെളിയിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഭരണഘടനയേയും മതനിരപേക്ഷതയേയും ജനാധിപത്യത്തേയും തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. ജനങ്ങളില്‍ ശിഥിലീകരണമുണ്ടാക്കുന്നു.സിബിഐയുടെ വിശ്വാസം തകര്‍ക്കാനാണ് നീക്കം. രാജ്യമാകെ ന്യൂനപക്ഷ വേട്ടപെരുകുകയാണ്. കേരളത്തില്‍ ഇടതുപക്ഷം ശക്തമായതിനാല്‍ അത് നടക്കുന്നില്ല. ലാവ്ലിന്‍ കേസില്‍ ആരെയും രക്ഷപെടുത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ആരുടെ അടുത്തും പോയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എസ് ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it