Kerala

പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നു; സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്

പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നു; സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്
X

കോഴിക്കോട്: സമരം തുടരുന്ന പിജി ഡോക്ടറുമാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പിജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുക. ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്റെ സന്നദ്ധത സമരക്കാര്‍ അംഗീകരിക്കുകയായിരുന്നു. നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്‌റ്റൈപ്പന്റ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. സമരം 14ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാര്‍ സമയവായ ശ്രമം നടത്തുന്നത്.

നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാരും പണിമുടക്കിയതോടെയാണ് ചര്‍ച്ചയില്ലെന്ന നിലപാടില്‍നിന്നും സര്‍ക്കാര്‍ അയഞ്ഞത്. ആരോഗ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിനെ ത്തുടര്‍ന്ന് ഹൗസ് സര്‍ജന്‍മാര്‍ തുടര്‍സമരം വേണ്ടെന്നുവച്ചിട്ടുണ്ട്. പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സര്‍ജന്‍മാര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കി. പിന്നാലെ പിജി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

എമര്‍ജന്‍സി ഡ്യൂട്ടി അടക്കം ബഹിഷ്‌ക്കരിച്ചുള്ള പിജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ ചികില്‍സ കിട്ടാതെ ദുരിതത്തിലാണ്. പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്‍മാര്‍കൂടി പണിമുടക്കിയതോടെയാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ രോഗികളുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായത്.

അടിയന്തര ശസ്ത്രക്രിയകളും സ്‌കാനിങ്ങുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടര്‍മാരുടെ സമരം ബാധിച്ചു. ദൂരസ്ഥലങ്ങളില്‍നിന്ന് വന്നവരടക്കം ദുരിതത്തിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ രണ്ടുമണിക്കൂര്‍ നേരത്തേക്ക് ഒപിയില്‍നിന്ന് വിട്ടുനിന്നു. പിജി ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ എ ജയലാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it