Top

ജനങ്ങളുടെ മടിശീല കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ ശാപം: ഡോ. തോമസ് ഐസക്

ചെകുത്താനും കടലിനും ഇടയില്‍ എന്ന പഴഞ്ചൊല്ല്, കൊവിഡിനും മോദിയ്ക്കും ഇടയില്‍ എന്ന് പുതുക്കുകയാണ് രാജ്യമെന്നും ഐസക്

ജനങ്ങളുടെ മടിശീല കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ ശാപം: ഡോ. തോമസ് ഐസക്
X

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ ജനങ്ങളുടെ മടിശീല കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ ശാപമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരുമ്പോള്‍ പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുന്ന നടപടിയെ വിമര്‍ശിച്ചാണ് തോമസ് ഐസക് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഹാവ്യാധിയുടെ ആധിയില്‍ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണ്. കൊവിഡ് പടര്‍ന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് കൈമാറാന്‍ മോദിയ്ക്കും കൂട്ടര്‍ക്കുമല്ലാതെ ആര്‍ക്കു കഴിയും. പാവപ്പെട്ടവന്റെ ജീവന്‍ വൈറസ് എടുത്തോട്ടെ, പണമുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്നാണ് മോദിയും സംഘവും നിര്‍ലജ്ജം പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാന്‍ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാള്‍ ലജ്ജാകരം.

കൊവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പ്രതിസന്ധിയിലാണ്. അപ്പോഴാണ് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംഘട്ട കൊവിഡ് വാക്‌സിന്‍ പോളിസി പ്രഖ്യാപിക്കപ്പെട്ടത്. പുതുതായി പ്രഖ്യാപിച്ച 18-45 വയസ്സ് ഗ്രൂപ്പില്‍പ്പെട്ട എല്ലാപേരുടെയും വാക്‌സിനേഷന്റെ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ഇത് എങ്ങനെയാണ് സംസ്ഥാനങ്ങളെ ബാധിക്കുക. 2011 ല്‍ സെന്‍സസ് പ്രകാരം 18-45 ഏജ് ഗ്രൂപ്പില്‍ ഏകദേശം 46 കോടി പേരുണ്ടായിരുന്നു. നിലവില്‍ എന്തായാലും കുറഞ്ഞത് 50 കോടി പേരെങ്കിലും ഈ ഏജ് ഗ്രൂപ്പില്‍ കാണും. ഇന്ന് സീറം ഇന്‍സ്റ്റിട്യൂട്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് പ്രഖാപിച്ചിരിക്കുന്ന വില ഒറ്റ ഡോസിന് 400 രൂപ. രണ്ടു ഡോസിന്റെ വില കണക്കാക്കിയാല്‍ ആകെ ചിലവ് 40,000 കോടി രൂപയാകും.

വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കിയിരിക്കുകയാണല്ലോ. വാക്‌സിന്റെ വില 1000 രൂപയാക്കി നിജപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുടെ മേലുള്ള ഭാരം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇന്നത്തെ വില വച്ച് കണക്കാക്കിയാല്‍ കേരളത്തിന് ഏകദേശം 1100 കോടി ഈ ഏജ് ഗ്രൂപ്പിനുള്ള വാക്‌സിനായി ചിലവഴിക്കേണ്ടി വരും. മറ്റു വാക്‌സിന്‍ കമ്പനികളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സംസ്ഥാനങ്ങള്‍ക്ക് വമ്പന്‍ ബാധ്യതയാണ് ഇതിലൂടെ വരുന്നത്.

കേരളത്തില്‍ കൊവിഡ് സംബന്ധിച്ച മുഴുവന്‍ ചികിത്സയും സൗജന്യമാണ്. അപ്പോള്‍പ്പിന്നെ വാക്‌സിന്റെ കാര്യം പറയാനില്ലല്ലോ. സൗജന്യ വാക്‌സിന്‍ സംബന്ധിച്ചു നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം വാക്‌സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വില അങ്ങനെതന്നെ വിഴുങ്ങുമെന്നോ കേന്ദ്രസര്‍ക്കാരിന്റെ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിനെ കണ്ണടച്ച് അംഗീകരിക്കുമെന്നോ അല്ല. സ്വതന്ത്ര ഇന്ത്യ ഇതുവരെ പിന്തുടര്‍ന്ന നയം സൗജന്യവും സാര്‍വ്വത്രികവുമായ വാക്‌സിനേഷനാണ്. ഇതാണ് ബിജെപി സര്‍ക്കാര്‍ വാക്‌സിന്‍ കമ്പനികള്‍ക്കുവേണ്ടി അട്ടിമറിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. അതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞതുപോലെ കേന്ദ്രം കൈവിട്ടാലും, എത്ര സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും, കേരള സര്‍ക്കാര്‍ ജനങ്ങളെ ആപത്ഘട്ടത്തില്‍ കൈവിടില്ല.

കേന്ദ്രം പ്രഖ്യാപിച്ച ഈ പദ്ധതിയില്‍ മറ്റൊരു പ്രശ്‌നം കൂടെ ഒളിഞ്ഞു കിടപ്പുണ്ട്. കേന്ദ്രത്തിനു നല്‍കേണ്ട അന്‍പതു ശതമാനത്തില്‍ നിന്ന് ബാക്കിയുള്ള വാക്‌സിനാണ് പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നേടിയെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ മത്സരത്തിലൂടെ മാത്രമേ വാക്‌സിന്‍ ലഭിക്കുകയുള്ളൂ. കൂടിയ വില നല്‍കി വാക്‌സിന്‍ വാങ്ങുന്ന വന്‍കിട സ്വകാര്യ ആശുപത്രികളുമായും സംസ്ഥാനങ്ങള്‍ തമ്മില്‍ത്തന്നെയും മത്സരിക്കുന്നത് വാക്‌സിന്‍ വിതരണത്തെ അവതാളത്തിലാക്കും. കേന്ദ്രം തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം കണക്കാക്കി വാക്‌സിന്‍ വിതരണം ചെയ്യുന്ന സംവിധാനം മാത്രമേ ഈയവസരത്തില്‍ വിജയിക്കാന്‍ പോകുന്നുള്ളൂ.

Penny wise and Pound foolish എന്നൊരു ചൊല്ല് ഇംഗ്ലീഷിലുണ്ട്. കൊച്ചുകൊച്ചു കാര്യങ്ങളില്‍ പിശുക്ക്, വലിയ കാര്യങ്ങളില്‍ പാഴ്‌ചെലവും ധൂര്‍ത്തും എന്നാണതിന്റെ അര്‍ത്ഥം. ഇതാണ് കേന്ദ്രം ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട വാക്‌സിനേഷന്റെ കാര്യത്തില്‍ പിശുക്ക്. വാക്‌സിന്‍ നല്‍കുന്നതിന് നീക്കിവെച്ച 35,000 കോടി അപര്യാപ്തമാണെന്ന് അന്നേ എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യാനുസരണം കൂടുതല്‍ തുക നല്‍കുമെന്നാണ് ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 80,000 കോടി മുടക്കാന്‍ തയ്യാറല്ല. പിശുക്കുകയാണ്. പക്ഷെ ഇതിന്റെ ഫലമായി കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമാവുകയാണെങ്കില്‍ 12 ശതമാന പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച മൈനസായി തീരും. എത്ര ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്തിന് അത് സൃഷ്ടിക്കുകയെന്ന വീണ്ടുവിചാരം കേന്ദ്ര ഭരണാധികാരികള്‍ക്ക് ഇല്ല. ചെകുത്താനും കടലിനും ഇടയില്‍ എന്ന പഴഞ്ചൊല്ല്, കൊവിഡിനും മോദിയ്ക്കും ഇടയില്‍ എന്ന് പുതുക്കുകയാണ് രാജ്യം.

Next Story

RELATED STORIES

Share it