Kerala

ഡാറ്റാ കച്ചവടം: സ്പ്രിങ്ഗ്‌ളര്‍ ഇടപാടില്‍ പി ബി നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നിവ ഡാറ്റാ ദുരുപയോഗം ചെയ്യുന്നതിനെതിരേ കര്‍ശന നിയമനിര്‍മാണം നടത്തണമെന്നാണ് പിബിയുടെ ഒരു ആവശ്യം. അത്തരമൊരു നിയമനിര്‍മാണം നടത്താന്‍ കേരള സര്‍ക്കാരിനോട് പിബി ഇപ്പോള്‍ നിര്‍ദേശം നല്‍കുമോയെന്നറിയാന്‍ ആഗ്രഹമുണ്ട്.

ഡാറ്റാ കച്ചവടം: സ്പ്രിങ്ഗ്‌ളര്‍ ഇടപാടില്‍ പി ബി നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: ജനാധിപത്യതിരഞ്ഞടുപ്പുകള്‍ അട്ടിമറിക്കുന്നതിനായി ഡാറ്റാ ദുരുപയോഗം ചെയ്ത് വിവാദത്തിലായ ക്രേംബ്രിഡ്ജ് അനലിസ്റ്റിക് എന്ന ബ്രട്ടീഷ് കമ്പനിക്കെതിരേ 2018 മാര്‍ച്ച് 24ന് അതിശക്തമായ നിലപാടെടുത്ത സിപിഎം പോളിറ്റ് ബ്യൂറോ സ്പ്രിങ്ഗ്‌ളര്‍ കമ്പനിയുമായി കേരള സര്‍ക്കാരിന്റെ ഡാറ്റാ കച്ചവടത്തില്‍ എന്തുനിലപാടാണ് സ്വീകരിക്കാന്‍ പോവുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രേംബ്രിഡ്ജ് അനലിസ്റ്റിക്കുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയും പിബി അന്ന് നിലാപാടെടുത്തിരുന്നു.

സാങ്കേതിക വിദ്യയുടെ കുത്തകയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയപ്രസ്ഥാനമാണ് സിപിഎം. അത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍നിന്നുള്ള മറ്റു മൂന്ന് പിബി അംഗങ്ങളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നത് ചരിത്രവിരോധാഭാസമാണെന്ന് മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ഡാറ്റാ കച്ചവടത്തിന് വഴിയൊരുക്കി കൊവിഡ് രോഗികളുടെയും ലക്ഷക്കണക്കിന് നീരീക്ഷണത്തിനുള്ളവരുടെയും വിശദവിരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുകയാണ് ചെയ്തത്.

ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നിവ ഡാറ്റാ ദുരുപയോഗം ചെയ്യുന്നതിനെതിരേ കര്‍ശന നിയമനിര്‍മാണം നടത്തണമെന്നാണ് പിബിയുടെ ഒരു ആവശ്യം. അത്തരമൊരു നിയമനിര്‍മാണം നടത്താന്‍ കേരള സര്‍ക്കാരിനോട് പിബി ഇപ്പോള്‍ നിര്‍ദേശം നല്‍കുമോയെന്നറിയാന്‍ ആഗ്രഹമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ കാലങ്ങളായി ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ ഇതുവരെയുള്ള എല്ലാ നിലപാടുകളും വെറും വാചോടാപം മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് അമേരിക്കന്‍ കമ്പനിയുമായുള്ള കരാറെന്ന് മുല്ലപ്പള്ളി പറഞ്ഞു. സ്പ്രിങ്ഗ്‌ളര്‍ ഒരു വിവാദ കമ്പനി തന്നെയാണ്.

2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംമ്പിന് കൃത്രിമവിജയം നേടാന്‍ സഹായിച്ച കമ്പനികളില്‍ ഒന്നാണ് സ്പ്രിങ്ഗ്‌ളര്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കമ്പനി നല്‍കുന്ന വിശദീകരണം വിശ്വാസയോഗ്യമേയല്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഇത്തരമൊരു വിവാദകമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതെന്തിന്. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിക്കുന്ന അതീവരഹസ്യവിവരങ്ങളാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കൈമാറുന്നത്.

ഡാറ്റാ വിശകലനത്തിന് പ്രാവീണ്യമുള്ള ഏജന്‍സികളായ സിഡിറ്റ്, ഐടി മിഷന്‍ എന്നിവയെ തഴഞ്ഞുള്ള സര്‍ക്കാരിന്റെ വഴിവിട്ട നടപടി എന്തിനാണെന്ന് ഐടിയുടെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ വിശദീകരിക്കണം. പിണറായിയെ ഒരു കമ്മ്യൂണിസ്റ്റായി കാണാന്‍ സാധ്യമല്ല. അദ്ദേഹം ചങ്ങാത്ത മുതലാളിത്വത്തിന്റെ നേതാവാണ്. ഡാറ്റാ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ധനമന്ത്രി തോമസ് എസക്കിന്റെ അമേരിക്കന്‍ ബന്ധത്തെക്കുറിച്ചും അനേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it