Kerala

പാര്‍ട്ടി ഓഫിസ് റെയ്ഡ്: മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയകാപട്യമെന്ന് എസ്ഡിപിഐ

പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡിസിപി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പാര്‍ട്ടി ഓഫിസില്‍ പരിശോധന നടത്തിയത് വലിയ അപരാധമായാണ് മുഖ്യമന്ത്രിയും മന്ത്രി എം എം മണിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്.

പാര്‍ട്ടി ഓഫിസ് റെയ്ഡ്: മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയകാപട്യമെന്ന് എസ്ഡിപിഐ
X

കോഴിക്കോട്: പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ഡിസിപിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ കാപട്യം വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡിസിപി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പാര്‍ട്ടി ഓഫിസില്‍ പരിശോധന നടത്തിയത് വലിയ അപരാധമായാണ് മുഖ്യമന്ത്രിയും മന്ത്രി എം എം മണിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്.

അതേസമയം, രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എസ്ഡിപിഐയുടെ ഓഫിസുകളില്‍ പലതവണ റെയ്ഡ് നടത്തി പിണറായി സര്‍ക്കാരിന്റെ പോലിസ് ഭീകരത സൃഷ്ടിച്ചിരുന്നു. അന്നൊന്നും പ്രതികളെ തേടിയായിരുന്നില്ല, ഭീതി സൃഷ്ടിക്കാനായിരുന്നു പാര്‍ട്ടി ഓഫിസുകളില്‍ പോലിസ് കയറിയിറങ്ങിയത്. സിപിഎം പാര്‍ട്ടി ഓഫിസിലാവട്ടെ പോലിസ് എത്തിയത് ഒളിച്ചിരുന്ന പ്രതികളെ പിടികൂടുന്നതിനായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫിസുകള്‍ പവിത്രമാണെന്നും അവിടെ പോലിസ് കയറുന്നത് ശരിയല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ അത് എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്നും കോഴിക്കോട് ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്്‌റഫ് മൗലവി, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് ഖാജാ ഹുസൈന്‍, പി കെ ഉസ്മാന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it