Kerala

കിഴക്കിന്റെ വെനീസില്‍ കൊടി പാറിക്കുന്നത് കെസിയോ ആരിഫോ; ഗ്ലാമര്‍ പോരാട്ടം കാത്ത് ആലപ്പുഴ

ആലപ്പുഴ പിടിക്കാന്‍ അരൂര്‍ സിറ്റിംഗ് എംഎല്‍എ എ എം ആരിഫിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് എം പി കെ സി വേണുഗോപാല്‍ തന്നെയായിരിക്കും ഇത്തവണയും യുഡിഎഫിനായി മല്‍സര രംഗത്തുണ്ടാകുകയെന്നാണ് ആലപ്പുഴക്കാരുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാകാര്യ ചുമതലയുള്ള സെക്രട്ടറിയായി കെ സി യെ നിയോഗിച്ചതോടെ മല്‍സരിക്കുന്നതില്‍ അന്തിമ തീരുമാനം രാഹൂല്‍ ഗാന്ധിയായിരിക്കും എടുക്കുക

കിഴക്കിന്റെ വെനീസില്‍ കൊടി പാറിക്കുന്നത് കെസിയോ ആരിഫോ; ഗ്ലാമര്‍ പോരാട്ടം കാത്ത് ആലപ്പുഴ
X

കൊച്ചി: കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നതെങ്കിലും പുന്നപ്ര വയലാര്‍ സമരത്തിന് സാക്ഷ്യം വഹിച്ച വിപ്ലവ ഭൂമിയെന്ന ഖ്യാതിയും ആലപ്പുഴയ്ക്ക് സ്വന്തമാണ്.അതു കൊണ്ടു തന്നെ ഇവിടുത്തെ രാഷ്ട്രീയത്തിന് എന്നും നൂറു ഡിഗ്രിക്കു മുകളിലാണ് ചൂട്.ഇടതിനെയും വലതിനെയും മാറി മാറി വരിച്ച ചരിത്രമാണ് ആലപ്പുഴയ്ക്കുള്ളതെങ്കിലും 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ യുഡിഎഫിലെ കെ സി വേണുഗോപാലാണ് ഇവിടെ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നത്.2009 ല്‍ സിപിഎമ്മിലെ സിറ്റിംഗ് എം പി യായിരുന്ന ഡോ.കെ എസ് മനോജിനെ തോല്‍പിച്ചുകൊണ്ടാണ് കെ സി വേണുഗോപാല്‍ വിജയം തുടങ്ങിയത്. അന്ന് കെ സി വേണുഗോപാല്‍ തോല്‍പിച്ച കെ എസ് മനോജ് പിന്നീട് സിപിഎമ്മുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

2014 ലും ആലപ്പുഴക്കാര്‍ കെ സി വേണുഗോപാലിനൊപ്പം നിലകൊണ്ടു. എന്നാല്‍ യുഡിഎഫില്‍ നിന്നും വിജയം ഇത്തവണ ഏതു വിധേനയും പിടിച്ചെടുക്കണമെന്നതാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം. ഇതിനായി അവര്‍ കളത്തിലിറക്കിയിരിക്കുന്നത് അരൂര്‍ സിറ്റിംഗ് എംഎല്‍എ എ എം ആരിഫിനെയാണ്. തുടക്കം മുതല്‍ പലരുടെയും പേരുകള്‍ മാറി മാറി പരിഗണിച്ചുവെങ്കിലും ഒടുവില്‍ യുഡിഫിന്റെ വിജയത്തെ തടയിടുകയെന്ന ദൗത്യം ആരിഫിനെ പാര്‍ടി ഏല്‍പ്പിക്കുകയായിരുന്നു.ക്രിസ്ത്യന്‍,മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലപ്പുഴ.ഒപ്പം എസ്എന്‍ഡിപിയും ഇവിടെ ശക്തമാണ്.അരൂര്‍,ചേര്‍ത്തല,ആലപ്പുഴ,അമ്പലപ്പുഴ, ഹരിപ്പാട്,കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം.നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറും എല്‍ഡിഎഫിനൊപ്പം മികച്ച ഭൂരിപക്ഷത്തില്‍ നിലകൊണ്ടപ്പോള്‍ രമേശ് ചെന്നിത്തല മല്‍സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ സഹായിച്ചത്. മുന്‍കാലങ്ങളിലും ഏകദേശം ഇതേ രിതിയിലൊക്കെ തന്നെയാണ് നിയമസഭാ ഫലങ്ങള്‍ വരാറുള്ളതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ മല്‍സരിച്ചപ്പോഴെല്ലാം ഈ മണ്ഡലങ്ങളെല്ലാം യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്.ഇതിനര്‍ഥം രാഷ്ട്രീയത്തിനൊപ്പം വ്യക്തിക്കും ആലപ്പുഴക്കാര്‍ മാര്‍ക്കു കൊടുക്കുന്നുവെന്നാണ്.

2014 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സി ബി ചന്ദ്രബാബുവിനെ 19,497 വോട്ടുകള്‍ക്കാണ് കെ സി വേണുഗോപാല്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ ഏഴൂ മണ്ഡലങ്ങളില്‍ ആറിലും യുഡിഎഫ് നിലംപൊത്തി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ നിന്നുമായി കെ സി യുടെ ഭൂരിപക്ഷം 19,497 വോട്ടുകളായിരുന്നു എന്നാല്‍ ഇതിനു ശേഷം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് ഒഴികെയുള്ള ആറു മണ്ഡലങ്ങളില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് മൊത്തത്തില്‍ കൂട്ടൂമ്പോള്‍ ഏകദേശം 94,363 വോട്ടുകളാണ്. ഇതാണ് ഇത്തവണ എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്ന ഒരു ഘടകം.നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ലീഡ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിടിക്കുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ഇത്തവണയും കെ സി വേണുഗോപാല്‍ തന്നെയാകും സ്ഥാനാര്‍ഥിയാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ കെ സി വേണുഗോപാലിനെ പിടിച്ചു കെട്ടാന്‍ തക്ക ശേഷിയുള്ള സ്ഥാനാര്‍ഥിയെ തേടിയുള്ള അന്വേഷണമാണ് എ എം ആരിഫില്‍ എത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ യുഡിഎഫിന്റെ കരുത്തയായ കെ ആര്‍ ഗൗരിയമ്മയെ തന്റെ കന്നിയങ്കത്തില്‍ തന്നെ പരാജയപ്പെടുത്തിയാണ് ആരിഫ് ശ്രദ്ധാകേന്ദ്രമായത്. അതിനു ശേഷം നടന്ന രണ്ടു നിയമ സഭാ തിരഞ്ഞെടുപ്പിലും ആരിഫിനൊപ്പം തന്നെയായിരുന്നു അരൂര്‍ നിലകൊണ്ടത്. ഈ വിജയമാണ് ഇത്തവണ കെ സി വേണുഗോപാലിനെ നേരിടാന്‍ ആരിഫിനെ രംഗത്തിറക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.ആരിഫിനെ സ്ഥാനാര്‍ഥിയാക്കുന്നതോടെ മണ്ഡലത്തിലെ നിര്‍ണായക ശക്തികളിലൊന്നായ മുസ് ലിം സമുദായത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്.ഇത്തവണ എസ്എന്‍ഡിപി പൂര്‍ണമായും സിപിഎമ്മിനൊപ്പമായിരിക്കുമെന്ന സൂചനാണ് ലഭിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടില്‍ മൂഖ്യമന്ത്രി എത്തി ബന്ധം ഒന്നു കൂടി ഉറപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആലപ്പുഴയില്‍ സിപിഎമ്മിന് കൂടുതല്‍ ഗൂണകരമാകുമെന്നും പാര്‍ടി നേതൃത്വം വിലയിരുത്തുന്നു.

എന്‍എസ്എസും ആലപ്പുഴയില്‍ ശക്തമാണ്.പൊതുവെ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂരമാണ് സ്വീകരിക്കുന്നതെന്നാണ് പറയുന്നത്.എന്നാല്‍ ശബരി മലയിലെ യുവതി പ്രവേശന വിഷയം വന്നതോടെ എന്‍എസ്എസ് സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇതിന്റെ ഗുണം യുഡിഎഫിനും ചെറിയ ഒരു ശതമാനം എന്‍ഡിഎയ്ക്കും ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ സി വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ എന്‍എസ്എസ് വോട്ടുകള്‍ മറ്റൊരിടത്തേയക്കും പോകാന്‍ സാധ്യതയില്ല. എന്നാല്‍ കോണ്‍ഗ്രസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറിയുടെ ചുമതലയുള്ളതിനാല്‍ കെ സി വേണുഗോപാല്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാകുമോയെന്ന് സംശയമാണ്. എന്നാല്‍ എ എം ആരിഫിനെ സിപിഎം രംഗത്തിറക്കിയിരിക്കുന്ന സാഹചര്യത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കെ സി യെ തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാഹൂല്‍ ഗാന്ധിയുടേതായിരിക്കും അന്തിമ തീരുമാനമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.എന്നാല്‍ ആലപ്പുഴയില്‍ പലയിടത്തും കെ സി വേണുഗോപാലിനായി ചുവരെഴുത്തുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് ആലപ്പുഴ സീറ്റ് നല്‍കിയിരിക്കുന്നത്. എസ്എന്‍ഡിപി വോട്ടുകള്‍ തന്നെയാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല. തുഷാര്‍ മല്‍സരിക്കാന്‍ തയാറായാലും വെള്ളാപ്പള്ളി നടേശന്‍ അനുവദിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it