പ്രചാരണം വാസ്തവ വിരുദ്ധം; തന്നെ മുത്ത്വലാഖ് ചൊല്ലിയതാണെന്ന് യുവതി

പ്രചാരണം വാസ്തവ വിരുദ്ധം; തന്നെ മുത്ത്വലാഖ് ചൊല്ലിയതാണെന്ന് യുവതി

പരപ്പനങ്ങാടി: ഭര്‍ത്താവ് തന്നെ മുത്ത്വലാഖ് ചൊല്ലിയത് തന്നെയാണെന്നും കോടതി മുമ്പാകെ അഭിഭാഷകന്‍ വ്യാജ പരാതി ബോധിപ്പിച്ചതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കടലുണ്ടി സ്വദേശിനി ഫസീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെ മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. മറ്റ് തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും രാജ്യത്തെ രണ്ടാമത്തെ മുത്ത്വലാഖ് കേസ് പരപ്പനങ്ങാടി കോടതിയില്‍ നല്‍കിയ ഫസീല പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് മൊഴിചൊല്ലിയത്. ഇത് മുത്ത്വലാഖായാണ് ചൊല്ലിയതെന്നതിന് സാക്ഷിമൊഴിയുണ്ട്. എന്നാല്‍ തനിക്കും അഭിഭാഷകനും നേരെ വിവാഹമോചനം നടത്തിയയാളുടെ പക്ഷം ചേര്‍ന്ന് മറ്റൊരു അഭിഭാഷകന്‍ വാര്‍ത്ത നല്‍കിയത് ക്രൂരവും നീതി നിഷേധവുമാണ്. നിയമാനുസൃതം കോടതിയെ സമീപിച്ച തന്നെയും അഭിഭാഷകനെയും അപമാനിച്ച മത പണ്ഡിതന്‍ കൂടിയായ അഭിഭാഷകനെതിരേ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണം. രണ്ട് മാസത്തോളം മാത്രമാണ് ഭര്‍ത്താവുമൊന്നിച്ച് ജീവിച്ചത്. കുഞ്ഞിന്റെ രോഗാവസ്ഥയില്‍ പോലും ഭര്‍തൃവീട്ടുകാര്‍ മനുഷ്യത്വപരിഗണന നല്‍കാതെ ഇറക്കിവിടുകയാണ് ചെയ്തത്. കോടതി ഉത്തരവ് ഉണ്ടായിട്ടും പോലിസ് സംരക്ഷണം നല്‍കിയില്ലെന്നും ഫസീല പരാതിപെട്ടു.

മുത്ത്വലാഖ് കേസുമായി ബന്ധപ്പെട്ട് യുവതിക്ക് വേണ്ടി മുന്‍ സീനിയര്‍ പ്ലീനറും പരപ്പനങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവുമായ അഡ്വ. കെ കെ സൈതലവിയും വരനു വേണ്ടി സമസ്തയുടെ അഭിഭാഷകനും പണ്ഡിതനുമായ മുഹമ്മദ് ത്വയ്യിബ് ഹുദവിയുമാണ് രംഗത്തുള്ളത്. കേസ് പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്.
RELATED STORIES

Share it
Top