Kerala

പാലത്തായി: ബിജെപി ഇച്ഛിച്ചതും പി ജയരാജന്‍ പറയുന്നതും.. ജയരാജനും ആര്‍എസ്എസും 'ഭായി ഭായി' മാരാവുന്ന വിധം..!

പാലത്തായി കേസില്‍ പോലിസ്, ക്രൈംബ്രാഞ്ച് അട്ടിമറിയും സിപിഎമ്മിന്റെ ഒളിച്ചുകളിയും പകല്‍പോലെ വ്യക്തമായത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. പാലത്തായി കേസ് അട്ടിമറിക്കെതിരേ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ, സമുദായത്തെ ഭിന്നിപ്പിക്കാനും അതോടൊപ്പംതന്നെ ബിജെപി നേതാവായ പ്രതിയെ രക്ഷിച്ച വകയിലുള്ള ഹിന്ദുത്വപിന്തുണ പാര്‍ട്ടിക്ക് ഉറപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് ജയരാജന്റെ രംഗപ്രവേശത്തില്‍ മറനീങ്ങിയത്.

പാലത്തായി: ബിജെപി ഇച്ഛിച്ചതും പി ജയരാജന്‍ പറയുന്നതും.. ജയരാജനും ആര്‍എസ്എസും ഭായി ഭായി മാരാവുന്ന വിധം..!
X

പി സി അബ്ദുല്ല

ഒന്നും ഫലിക്കാതാവുമ്പോള്‍ കാളന്‍ നെല്ലായി എന്നാണ് പഴമൊഴി. പി ജയരാജനെന്ന കണ്ണൂര്‍ സിപിഎമ്മിന്റെ ജടകൊഴിഞ്ഞ സിംഹം പ്രതിസന്ധി ഘട്ടങ്ങളില്‍ ആര്‍എസ്എസിനെ തലോടിയാണ് ഈ പഴമൊഴി അന്വര്‍ഥമാക്കിയിട്ടുണ്ട്. കതിരൂരിലെ പരേതരായ കുഞ്ഞിരാമന്റെയും ദേവിയുടെയും മകന്‍ ജയരാജന്‍ ആര്‍എസ്എസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയെന്നാണ് പാര്‍ട്ടി പാണന്‍മാര്‍ പാടിനടക്കുന്നത്. അത്തരം വാഴ്ത്തുകളിലൂടെ പാര്‍ട്ടിയേക്കാള്‍ ജയരാജന്‍ വളര്‍ന്ന ഘട്ടത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നിര്‍ദയം നിഷ്‌കാസിതനാക്കപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പും വടകരയിലെ ദയനീയ തോല്‍വിയും ആ പതനത്തിനൊരു നിമിത്തമായെന്നു മാത്രം.

1999ലെ തിരുവോണ ദിനം വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം ജയരാജനെ തുരുതുരാ വെട്ടിയ ആര്‍എസ്എസ്സുകാര്‍ അദ്ദേഹം മരിച്ചെന്നു കരുതിയാണു തിരിച്ചുപോയത്. ജയരാജന്റെ ചോരയ്ക്കു പകരം ചോദിക്കപ്പെട്ടു. ജയരാജന്റെ പകയിലും ആര്‍എസ്എസ്സിന്റെ ചോരക്കൊതിയിലും കണ്ണൂരിന്റെ കുരുതിക്കല്ലില്‍ ഹോമിക്കപ്പെട്ടത് നൂറുക്കണക്കിനു ജീവിതങ്ങള്‍. 'രക്തസാക്ഷി'കളായും 'ബലിദാനി'കളായും ആ വിഫലജീവിതങ്ങള്‍ വിസ്മൃതിയിലേക്കു തിരോഭവിക്കപ്പെടുമ്പോള്‍ ജയരാജന് ആര്‍എസ്എസും ആര്‍എസ്എസ്സിന് ജയരാജനും പരസ്പരം സ്വീകാര്യരാവുന്ന കാഴ്ചകളും വിരോധാഭാസമായി അരങ്ങേറുന്നു.

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റും ജയിലും വിട്ടുമാറാത്ത 'നെഞ്ചുവേദന'കളുമൊക്കെയായി വ്യക്തിപരമായി പ്രതിരോധത്തിലായ ഘട്ടത്തിലാണ് നേരത്തെ പിജയരാജന്‍ ഹിന്ദുത്വപ്രീണന കാര്‍ഡിറക്കി രംഗത്തുവന്നത്. പാലത്തായി ബാലികാ പീഡനക്കേസില്‍ പിണറായി സര്‍ക്കാരും പോലിസും പാര്‍ട്ടിയും പ്രതിരോധത്തിലായതോടെയാണ് ആര്‍എസ്എസ് കൈയടി വാങ്ങിയുള്ള ജയരാജന്റെ ഇപ്പോഴത്തെ അട്ടിമറി സിദ്ധാന്ത പുറപ്പാട്.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററുമായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20ന് സിപിഎമ്മുകാര്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എല്ലാ സ്വാധീനങ്ങള്‍ക്കും മേലെയുള്ള കാവ്യനീതി എന്ന പോലെയാണ് പി ജയരാജന്‍ അറസ്റ്റിലായത്. ആ അറസ്റ്റിനോളം വലിയ ആഘാതം ജയരാജന്‍ അതേവരെയുള്ള ജീവിതത്തില്‍ അഭിമുഖീകരിച്ചിരുന്നില്ല. ഷുക്കൂര്‍ വധം സമുദായത്തിന്റെ ആഴങ്ങളില്‍ ജയരാജനെതിരേ സൃഷ്ടിച്ച രോഷം ചെറുതായിരുന്നില്ല. ഹിന്ദുത്വ കാര്‍ഡിറക്കിയാണ് ആ പ്രതിസന്ധി അതീജീവിക്കാന്‍ അന്ന് ജയരാജന്‍ ശ്രമിച്ചത്.

മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു ആദ്യം സിപിഎമ്മിന്റേത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന് രേഖാമൂലം നല്‍കിയ മൊഴിയില്‍ മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നത് ദുരുദ്ദേശത്തോടെയാണെന്നാണ് വ്യക്തമാക്കിയത്.എന്നാല്‍, ഷുക്കൂര്‍ കേസില്‍ ജയില്‍മോചിതനായ ശേഷം പി ജയരാജന്‍ പങ്കെടുത്ത പ്രധാന പരിപാടി മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കോഴിക്കോട് കലക്ടറേറ്റ് ധര്‍ണയായിരുന്നു. അതിനു മുമ്പോ ശേഷമോ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ പരിപാടികളില്‍ ജയരാജന്‍ പങ്കെടുത്തതായി വിവരമില്ല.

ആര്‍എസ്എസ്സിന്റെ കൈയടി വാങ്ങുന്നതായിരുന്നു ഉദ്ഘാടനപ്രസംഗത്തില്‍ ജയരാജന്റെ മുഴുവന്‍ പരാമര്‍ശങ്ങളും.അന്ന് ദേശാഭിമാനിയേക്കാള്‍ പ്രാധാന്യത്തോടെ ജയരാജന്റെ പടവും വാര്‍ത്തയുമായി ജന്‍മഭൂമി രംഗത്തുവന്നതിനു സമാനമായാണ് ഇന്ന് പാലത്തായി പ്രസ്താവനയിലും ജയരാജനെ പിന്തുണച്ച് ആര്‍എസ്എസ് ചാനലും ബിജെപി നേതാക്കളും രംഗത്തുവന്നത്. ബിജെപി വക്താക്കളും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഹരിദാസും ജനം ടിവിയും ജയരാജന്റെ പാലത്തായി പ്രസ്താവനയില്‍ അഭിരമിക്കുന്നു.

പാലത്തായി കേസില്‍ പോലിസ്, ക്രൈംബ്രാഞ്ച് അട്ടിമറിയും സിപിഎമ്മിന്റെ ഒളിച്ചുകളിയും പകല്‍പോലെ വ്യക്തമായത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. പാലത്തായി കേസ് അട്ടിമറിക്കെതിരേ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ, സമുദായത്തെ ഭിന്നിപ്പിക്കാനും അതോടൊപ്പംതന്നെ ബിജെപി നേതാവായ പ്രതിയെ രക്ഷിച്ച വകയിലുള്ള ഹിന്ദുത്വപിന്തുണ പാര്‍ട്ടിക്ക് ഉറപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് ജയരാജന്റെ രംഗപ്രവേശത്തില്‍ മറനീങ്ങിയത്. പ്രതിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരയുടെ കുടുംബത്തെ നേരിട്ടു ചെന്ന് അനുനയിപ്പിക്കാന്‍ ജയരാജന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ ജയരാജന്റെ അത്തരം നീക്കങ്ങള്‍ പൊളിഞ്ഞു. എസ്ഡിപിഐ പ്രേരണപ്രകാരം ഇര പീഡനം നടന്ന തിയ്യതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതാണ് കേസ് അട്ടിമറിക്കപ്പെടാനുള്ള കാരണമായി ജയരാജന്‍ പറഞ്ഞത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഇര മൊഴി നല്‍കുമ്പോള്‍ ബാഹ്യസാന്നിധ്യമുണ്ടാവില്ലെന്ന സാമാന്യബോധം ജയരാജന് തോന്നാതെ പോയത് കേസില്‍ പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it