Kerala

പാലത്തായി പീഡനം: കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്; പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കി (വീഡിയോ)

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നില്‍ പോലിസും സിപിഎമ്മും സംഘപരിവാരവും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്.

പാലത്തായി പീഡനം: കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്; പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കി (വീഡിയോ)
X

കണ്ണൂര്‍: പാലത്തായി ബാലികാപീഡനക്കേസിലെ മുഖ്യപ്രതിയും ബിജെപി നേതാവുമായ പത്മരാജനെതിരേ കുറ്റപത്രം സമര്‍പ്പിക്കാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മാര്‍ച്ച് നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാര്‍ച്ച് നടത്തിയത്. കലക്ടറേറ്റിന്റെ ഗേറ്റ് തള്ളിത്തുറന്ന് കോമ്പൗണ്ടില്‍ പ്രവേശിച്ച വിദ്യാര്‍ഥിനികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ പി എം മുഹമ്മദ് രിഫ, സെബാ ശിറിന്‍, ജില്ലാ പ്രസിഡന്റ് പി എം അമീന്‍, വൈസ് പ്രസിഡന്റ് അമീറ ശിറിന്‍, ജോയിന്റ് സെക്രട്ടറി എ പി റഫാന്‍ എടക്കാട്, ട്രഷറര്‍ ഫര്‍ദാന്‍, ഐഷ റുമാന, പി കെ ഉനൈസ് തുടങ്ങി 12 ഓളം പേരെയാണ് അറസ്റ്റുചെയ്തത്.


കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നില്‍ പോലിസും സിപിഎമ്മും സംഘപരിവാരവും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്. കേസില്‍ ബുധനാഴ്ചക്കകം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ 88 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെ പത്മരാജന് (പപ്പന്‍- 45) ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. പാലത്തായി പോക്സോ കേസില്‍ മാര്‍ച്ച് 15നാണ് ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തുവയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായത്.


ഇയാളുടെ ജാമ്യാപേക്ഷകള്‍ ഇതിനകം തലശ്ശേരി കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പാനൂര്‍ പോലിസ് കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഏപ്രില്‍ 22ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും പാലത്തായി കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ല.



ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല, പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചില്ല, മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ക്രൈംബ്രാഞ്ചിനെതിരേയുള്ളത്. കേസില്‍ പ്രതിക്കനുകൂലമായ ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കും സിപിഎമ്മിന്റെയും മന്ത്രി കെ കെ ശൈലജയടക്കമുള്ളവരുടെയും ഒളിച്ചുകളിയും പുറത്തുവന്നതോടെ പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it