Kerala

പാലാ വിധിയെഴുതുന്നു; രാവിലെ മൂതല്‍ ബൂത്തുകളില്‍ നീണ്ട ക്യു

പാലാ വിധിയെഴുതുന്നു; രാവിലെ മൂതല്‍ ബൂത്തുകളില്‍ നീണ്ട ക്യു
X

കോട്ടയം: പാലാ നിയമസഭാ ഉപതരിഞ്ഞെടുപ്പില്‍ 176 പോളിങ് ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് തുടങ്ങുന്നതിന് മണിക്കൂര്‍ മുമ്പ് തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ രൂപപ്പെട്ടിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രാവിലെ 7 മണിക്കു തന്നെ എത്തി വോട്ട് ചെയ്തു. കാണാട്ടുപാറ 119ാം ബൂത്തിലാണ് അദ്ദേഹം കുടുംബ സമേതം വോട്ട് ചെയ്യാനെത്തിയത്. തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. രാവിലെ 6ന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം2 സീരീസിലെ വോട്ടിങ് യന്ത്രങ്ങളായിരുന്നു ഉപയോഗിച്ചത്. എന്നാല്‍, അതീവ സുരക്ഷാ സൗകര്യങ്ങളുള്ള ഏറ്റവും പുതിയ എം3 സീരീസിലെ യന്ത്രങ്ങളാണ് പാലായില്‍ ഉപയോഗിക്കുന്നത്.

കെ എം മാണിയാണു തന്റെ ചിഹ്നമെന്നു പ്രഖ്യാപിച്ച് യുഡിഎഫിന്റെ ജോസ് ടോമും വിജയത്തില്‍ കുറഞ്ഞ യാതൊന്നും പാലായില്‍ പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞ് മാണി സി കാപ്പനും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോള്‍ തികഞ്ഞ ആവേശത്തിലാണ് വോട്ടര്‍മാരും. കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനങ്ങളുടെ വോട്ടും വിജയവും തനിക്കൊപ്പമാണെന്നു വ്യക്തമാക്കി എന്‍ഡിഎയുടെ എന്‍ ഹരിയും രംഗത്തുണ്ട്.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നു തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെല്ലാം ഞായറാഴ്ച വൈകിട്ടോടെ തന്നെ പോളിങ് ബൂത്തുകളിലെത്തിയിരുന്നു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പാലാ നിയോജക മണ്ഡലത്തില്‍ വോട്ടവകാശമുള്ള മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേതനത്തോടെ അവധി അനുവദിച്ചു.

സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കു വോട്ട് ചെയ്യുന്നതിനു വേതനത്തോടെ അവധി അനുവദിക്കണമെന്നു തൊഴില്‍ ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി.

എം3 മെഷീന്‍

വോട്ടിങ് യന്ത്രവും വിവി പാറ്റും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചാല്‍ അപ്പോള്‍ തന്നെ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്നതാണു എം3 മെഷീന്റെ പ്രത്യേകത. ഇതുകാരണം വിവി പാറ്റുമായി ബന്ധപ്പെട്ടല്ലാതെ വോട്ട് ചെയ്യാനാകില്ല. എം2 മെഷീനില്‍ വിവി പാറ്റുമായി ബന്ധിപ്പിച്ചില്ലെങ്കിലും യന്ത്രം പ്രവര്‍ത്തിക്കുമായിരുന്നു.

എം3 മെഷീനില്‍ എപ്പോള്‍ വോട്ടിങ് തുടങ്ങി, എപ്പോള്‍ പൂര്‍ത്തിയായി എന്നെല്ലാം വ്യക്തമാക്കാന്‍ ക്ലോക്കും അധികമായുണ്ട്. എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എന്താണ് തകരാര്‍ എന്നു ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയുന്നതും എം3യുടെ പ്രത്യേകതയാണ്.

Next Story

RELATED STORIES

Share it