Kerala

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ

വയലില്‍ കൃഷി ഇറക്കിയ എല്ലാവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാവൂ.

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ
X

തിരുവനന്തപുരം: സപ്ലൈകോ നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാനുള്ള അവസരം കര്‍ഷകര്‍ അവസാന നിമിഷം വരെ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ. വയലില്‍ കൃഷി ഇറക്കിയ എല്ലാവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാവൂ.

വയല്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യേണ്ട കൃഷി ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പാഡി ഓഫീസിലേക്ക് അയക്കും. അവിടെനിന്ന് കൊയ്ത്ത് തീയതിക്കകം പൂര്‍ത്തിയാക്കേണ്ട മറ്റു പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനും, കൊയ്ത്തിന് അഞ്ച് ദിവസം മുന്‍പു തന്നെ, നെല്ല് ഏറ്റെടുക്കേണ്ട മില്ല് അനുവദിച്ച്, കര്‍ഷകരെ അറിയിക്കാനും സാധിക്കും. കൊയ്ത്ത് കഴിഞ്ഞ്, നെല്ല് പാടത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും.

അപേക്ഷകള്‍ സമയത്തിന് കിട്ടിയാല്‍ മാത്രമേ കൃത്യമായ സമയത്ത് മില്ല് അനുവദിക്കാന്‍ സാധിക്കൂ എന്നും അധികൃതര്‍ അറിയിച്ചു. www.supplycopaddy.co.in എന്ന സൈറ്റ് വഴിയാണ് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി മുതല്‍ കൊയ്ത്ത് പ്രതീക്ഷിക്കുന്ന കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. കര്‍ഷകന്റെ പേര്, മേല്‍വിലാസം, കൃഷി സ്ഥലത്തിന്റെ വിസ്തീര്‍ണം, സര്‍വേ നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ ശാഖയുടെ പേര്, ഐ.എഫ്.എസ്.സി കോഡ് തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് ആവശ്യം. എന്‍ആര്‍എ, എന്‍ആര്‍ഒ, സീറോബാലന്‍സ് അക്കൗണ്ടുകള്‍, ലോണ്‍ അക്കൗണ്ടുകള്‍, ഇടപാടുകള്‍ ഇല്ലാത്ത അക്കൗണ്ടുകള്‍ എന്നിവ രജിസ്ട്രേഷന് ഉപയോഗിക്കരുത്. ഉമ, ജ്യോതി, മട്ട, വെള്ള നെല്‍വിത്തുകള്‍ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. താല്‍ക്കാലിക കൃഷിയാണെങ്കില്‍ ഭൂവടമയുടെ പേരും വിലാസവും ഉള്‍പ്പെടുത്തി നിശ്ചിത മാത്യകയിലുള്ള സത്യവാങ്മൂലം 200 രൂപയുടെ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സത്യവാങ്മൂലത്തിന്റെ മാത്യക വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകള്‍ സഹിതം അതത് കൃഷിഭവനില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം സമര്‍പ്പിക്കണം. വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷന്‍ നടപടികള്‍ നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കര്‍ഷകരെ നേരിട്ട് അറിയിക്കും. സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്ന കര്‍ഷകന്‍ പിആര്‍എസ് ലഭിച്ചാലുടന്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കില്‍ ഏല്‍പ്പിച്ച് ലോണ്‍ നടപടികള്‍ പൂര്‍ത്തിയാക്കി തുക കൈപ്പറ്റേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it