Kerala

ഒരാടംപാലം-മാനത്തുമംഗലം ബൈപ്പാസ്: സ്ഥലമേറ്റടുക്കലിന് മോണിറ്റിങ് സമിതി -ഭൂവുടമകളുടെ യോഗം വിളിക്കാന്‍ ധാരണ

നിര്‍ദിഷ്ട പാതക്ക് 10 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിക്ക് 2010ല്‍ അംഗീകാരമായതും സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയതുമാണ്. സ്ഥലമേറ്റെടുക്കലിനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഒരാടംപാലം-മാനത്തുമംഗലം ബൈപ്പാസ്: സ്ഥലമേറ്റടുക്കലിന് മോണിറ്റിങ് സമിതി  -ഭൂവുടമകളുടെ യോഗം വിളിക്കാന്‍ ധാരണ
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെയും അങ്ങാടിപ്പുറത്തേയും ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഒരാടംപാലം മാനത്തുമംഗലം റെയില്‍വെ മേല്‍പ്പാലത്തോടുകൂടിയ ബൈപ്പാസ് റോഡിനുള്ള സ്ഥലമേറ്റെടുക്കലിന് നടപടികളാവുന്നു. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലിക്കുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ പ്രത്യേക മോണിറ്ററിങ് സമിതി രൂപീകരിച്ചു. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ കെ എസ് അഞ്ജു കണ്‍വീനറും എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, ടി എ അഹമ്മദ് കബീര്‍, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാര്‍ എം മുഹമ്മദ് സലീം, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി കെ റഷീദ് അലി, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ഡിസംബര്‍ 15ന് ഭൂവുടമകളുടെ യോഗം വിളിക്കും. ഇതിനു മുന്നോടിയായി ഡിസംബര്‍ ആദ്യവാരം ജനപ്രതിനിധികള്‍ ഭൂവുടമകളുമായി ചര്‍ച്ച നടത്തും. 4.04 കിലോമീറ്റര്‍ നീളത്തിലും 24 മീറ്റര്‍ വീതിയിലും നിര്‍മിക്കാനിരിക്കുന്ന ബൈപ്പാസ് റോഡിന് 25 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

നിര്‍ദിഷ്ട പാതക്ക് 10 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിക്ക് 2010ല്‍ അംഗീകാരമായതും സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയതുമാണ്. സ്ഥലമേറ്റെടുക്കലിനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഏറ്റെടുക്കേണ്ട മുഴുവന്‍ ഭൂമിയുടേയും സര്‍വ്വെ നമ്പറുകള്‍ എല്‍എ വിഭാഗം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിനകം പൊതുമരാമത്ത് വകുപ്പിനു കൈമാറാനും ഡിസംബര്‍ 10നകം സ്ഥലമേറ്റെടുക്കലിനുള്ള വിശദമായ അപേക്ഷ റവന്യൂ വകുപ്പിനു നല്‍കാനും തീരുമാനിച്ചു.

ബൈപാസില്‍ നിര്‍മിക്കേണ്ട റെയില്‍വെ മേല്‍പ്പാലത്തിന് 18 കോടി രൂപയുടെ പദ്ധതി റെയില്‍വെ തയ്യാറാക്കിയിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊജക്ട് മാനേജ്‌മെന്റ് ചാര്‍ജായി പദ്ധതി തുകയുടെ ഒരു ശതമാനമായ 18 ലക്ഷം രൂപ സര്‍ക്കാര്‍ കെട്ടിവെക്കണം. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയാവുന്നതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും.

പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി കെ റഷീദ് അലി, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു, ഷൊര്‍ണൂര്‍ സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ആബിദ് പരാരി, പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി സജീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി സുരേഷ്, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി ടി ജാഫര്‍ അലി, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) സി വി മുരളീധരന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it