Kerala

ഓപ്പറേഷന്‍ സാഗര്‍ റാണി: ഭക്ഷ്യയോഗ്യമല്ലാത്ത 7557 കിലോ മത്സ്യം പിടികൂടി

ഇതുവരെ പിടികൂടിയത് 43,081 കിലോഗ്രാം മത്സ്യം. കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ.

ഓപ്പറേഷന്‍ സാഗര്‍ റാണി: ഭക്ഷ്യയോഗ്യമല്ലാത്ത 7557 കിലോ മത്സ്യം പിടികൂടി
X

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 15 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ഭക്ഷണ വസ്തുക്കളില്‍ മായം കലര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണിത്. ഈ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ ഇത്തരത്തില്‍ മായം കലര്‍ത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 25, കൊല്ലം 8, പത്തനംതിട്ട 4, ആലപ്പുഴ 12, കോട്ടയം 21, ഇടുക്കി 16, എറണാകുളം 12, തൃശൂര്‍ 23, പാലക്കാട് 12, മലപ്പുറം 18, കോഴിക്കോട് 21, വയനാട് 03, കണ്ണൂര്‍ 8 കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.

കോട്ടയം പാല, കടുംന്തുരുത്തി, പുതപ്പള്ളി, ഈരാട്ടുപേട്ട എന്നിവിടങ്ങളില്‍ നിന്നും 196 കിലോഗ്രാം, ഇടുക്കിയില്‍ നിന്നും 194.5 കിലോഗ്രാം, എറണാകുളത്തു നിന്നും 4030 കിലോഗ്രാം, കണ്ണൂരില്‍ നിന്നും 1300 കിലോഗ്രാം എന്നിങ്ങനെയാണ് കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ആലപ്പുഴ ചേര്‍ത്തല മാര്‍ക്കറ്റില്‍ നിന്നും 25 കിലോഗ്രാം കേടായ കൊഞ്ചും തൃശൂരില്‍ നിന്നും 1700 കിലോ ഗ്രാം കേടായ ചൂര, കൊഞ്ച് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.

Next Story

RELATED STORIES

Share it