Kerala

ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം: ഉമ്മന്‍ചാണ്ടി

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് എപ്പോഴും ലഭ്യമായ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നില്ക്കുമായിരുന്നു.

ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം: ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് എപ്പോഴും ലഭ്യമായ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നില്ക്കുമായിരുന്നു. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തില്‍ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസര്‍. ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഏതു സമയത്തും എളുപ്പത്തിലും ലഭ്യമാണ്. കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലായതിനാല്‍ ചെലവ് കുറവാണ് എന്നതാണ് ആകര്‍ഷണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപയോഗിക്കാനും നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാണ്. അതിന് വാടകയ്ക്ക് പുറമെ, കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദവും വാങ്ങണം. 2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് അന്നാണ്. ആ ഫയലില്‍ താന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെ എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ല.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. ഹെലികോപ്റ്റര്‍ വാടകയായ 1.44 കോടി രൂപ (20 മണിക്കൂര്‍), ജിഎസ്ടി ഉള്‍പ്പെടുമ്പോള്‍ 1.70 കോടി, പൈലറ്റ്, കോപൈലറ്റ് ഉള്‍പ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളം, സ്റ്റാര്‍ ഹോട്ടല്‍ താമസസൗകര്യം എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് രണ്ടു കോടി രൂപയോളമാകുന്നത്. ഒരു മാസം 20 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നല്കുന്നുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചത് ഒരു തവണ മാത്രമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it