Kerala

ഓൺലൈൻ ക്ളാസുകൾ ദലിത്-ആദിവാസി കുട്ടികളുടെ പഠനാവസരത്തെ നിഷേധിക്കുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി

മുപ്പത് ശതമാനത്തിലധികം വിദ്യാർഥികൾക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ലെന്ന് സർക്കാർ തന്നെ പറയുന്നു

ഓൺലൈൻ ക്ളാസുകൾ ദലിത്-ആദിവാസി കുട്ടികളുടെ പഠനാവസരത്തെ നിഷേധിക്കുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി
X

ന്യൂഡൽഹി: ഓൺലൈൻ ക്ളാസുകൾ ദലിത് ആദിവാസി കുട്ടികളുടെ പഠനാവസരത്തെ കേരള സർക്കാർ നിഷേധിക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചപ്പോൾ ഇന്റർനെറ്റ് ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത ദലിത് ആദിവാസി കുട്ടികൾക്ക് ഈ സൗകര്യം എങ്ങനെ ലഭ്യമാക്കുമെന്ന് സർക്കാർ ആലോചിക്കുകപോലും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആദിവാസി മേഖലകളിലും ആദിവാസി ഊരുകളിലും ഓൺലൈൻ പഠനം നടപ്പാക്കുന്നത് എത്രത്തോളം സാധ്യമാകുമെന്ന പ്രാഥമിക പഠനം പോലും നടത്താതെയാണ് ഓൺലൈൻ പഠനം ഇന്നു മുതൽ തുടങ്ങാൻ കേരള സർക്കാർ നടപടിയെടുത്തത്. തീർത്തും പാവപെട്ട വീടുകളിൽ നിന്ന് വരുന്ന ദളിത് ആദിവാസി കുട്ടികളിൽ പലരുടെയും വീടുകളിൽ വിക്ടേഴ്സ് ചാനൽ ലഭ്യമാകുന്ന ഇടങ്ങൾ കുറവാണ്. മലമടക്കുകളും മറ്റുമുള്ള പല ഊരുകളിലും ഇന്റർനെറ്റ് സൗകര്യമോ , സ്മാർട്ട് ഫോണോ പോയിട്ട് മൊബൈൽ നെറ്റ് വർക്ക് പോലും ലഭ്യമല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ അവർ എങ്ങിനെ ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുമെന്ന് സർക്കാർ ചിന്തിക്കാത്തത് തികച്ചും ദൗർഭാഗ്യകരമാണ്.

ഈ വിഷയത്തിൽ ഉടനടി ഇടപെടുക. ദലിത് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകൾക്ക് വേണ്ട ഭൗതിക സാഹചര്യം ഒരുക്കുക. അല്ലാത്ത പക്ഷം അവരുടെ പഠനം ഈ അക്കാദമിക വർഷത്തിൽ ഒരു ദിവസംപോലും മുടങ്ങാതെയുയുള്ള രീതിയിലെ ബദൽ ക്രമീകരണം നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊടിക്കുന്നിൽ സുരേഷ് എംപി കത്തയച്ചു.

ഇന്ന് കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും മുപ്പത് ശതമാനത്തിലധികം വിദ്യാർഥികൾക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ലെന്ന് സർക്കാർ തന്നെ പറയുന്നു. ഇതിൽ ബഹുഭൂരിപക്ഷം പേരും ആദിവാസി-ദലിത് വിഭാ​ഗങ്ങളിലെ വിദ്യാർഥികളാണ്.

Next Story

RELATED STORIES

Share it