സവാള വില 130ൽ; പച്ചക്കറി വില കുതിക്കുന്നു

ഒരു കിലോ ചുവന്നുള്ളിക്ക് 180 രൂപയും ഒരു കിലോ വെളുത്തുള്ളിക്ക് 240 രൂപയുമാണ് വിപണി വില. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സവാളയുടെ ലഭ്യത കുറഞ്ഞതാണ് വില നിയന്ത്രണമില്ലാതെ കുതിച്ചുയരാന്‍ കാരണം.

സവാള വില 130ൽ; പച്ചക്കറി വില കുതിക്കുന്നു

തിരുവനന്തപുരം: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില 130ല്‍ എത്തി. ഒരു കിലോ ചുവന്നുള്ളിക്ക് 180 രൂപയും ഒരു കിലോ വെളുത്തുള്ളിക്ക് 240 രൂപയുമാണ് വിപണി വില. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സാവളയുടെ ലഭ്യത കുറഞ്ഞതാണ് വില നിയന്ത്രണമില്ലാതെ കുതിച്ചുയരാന്‍ കാരണം.

വില വര്‍ധിച്ചതോടെ വ്യാപാരം കുറഞ്ഞതായും വരും ദിവസങ്ങളില്‍ സവാള വില വീണ്ടും വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. ഹോട്ടല്‍ വ്യവസായത്തേയും സവാളയുടെയും ഉള്ളിയുടെയും ഉയര്‍ന്ന വില പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സവാളയുടെ ഉപയോഗത്തില്‍ കുറവ് വരുത്താന്‍ സാധിക്കാത്തതിനാല്‍ ചെലവേറുന്നതായി ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.

ചില്ലറ വില്‍പ്പന ശാലകളില്‍ വില്‍പ്പനക്കെത്തിക്കുന്ന സവാളയുടെ അളവിലും ഉടമകള്‍ കുറവ് വരുത്തിയിട്ടുണ്ട്. വലിയ വില നല്‍കി മൊത്ത വില്‍പ്പനക്കാരില്‍ നിന്നും സവാള വാങ്ങാന്‍ ശേഷിയില്ലാത്തതാണ് പലരേയും വലയ്ക്കുന്നത്. തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് വലിയ നാശം സംഭവിച്ച സാഹചര്യത്തില്‍ സവാളക്കൊപ്പം മറ്റ് പച്ചക്കറികളുടെ വില കൂടി ഉയര്‍ന്നാല്‍ കുടുംബങ്ങളുടെ സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലാകും.

RELATED STORIES

Share it
Top