Kerala

ജനത്തെ വലച്ച് ഇന്ധനവില വര്‍ധന തുടരുന്നു; എട്ടുദിവസത്തിനിടെ കൂടിയത് ആറ് രൂപ

ജനത്തെ വലച്ച് ഇന്ധനവില വര്‍ധന തുടരുന്നു; എട്ടുദിവസത്തിനിടെ കൂടിയത് ആറ് രൂപ
X

കൊച്ചി: ജനങ്ങള്‍ക്കുമേല്‍ അമിതഭാരം ഏല്‍പ്പിച്ച് രാജ്യത്ത് ഇന്ധന വിലവര്‍ധന തുടരുന്നു. ചൊവ്വാഴ്ച ഒരു ലീറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ആറുദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ആറ് രൂപയോളമാണ് ഉയര്‍ത്തിയത്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാവും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില കുത്തനെ ഉയരുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് കരുതുന്നത്.

റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിച്ചാലും അസംസ്‌കൃത എണ്ണവില താഴാന്‍ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയില്‍ വിലവര്‍ധന തുടര്‍ന്നേക്കുമെന്നുമാണു റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് മുമ്പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില.

Next Story

RELATED STORIES

Share it