Kerala

ഒക്കുപൈ രാജ്ഭവനില്‍ ആവേശമായി ശാഹീന്‍ബാഗ് സമരനായികമാർ

സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നു എന്നു പറയുകയും അവരെ തെരുവിലേക്ക് എടുത്തെറിയുകയും ചെയ്യുന്ന നയങ്ങളാണ് മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നത്.

ഒക്കുപൈ രാജ്ഭവനില്‍ ആവേശമായി ശാഹീന്‍ബാഗ് സമരനായികമാർ
X

തിരുവനന്തപുരം: ഡല്‍ഹിയില്‍ രണ്ടര മാസത്തോളമായി തുടരുന്ന പൗരത്വ സമരത്തിലെ ശ്രദ്ധാകേന്ദ്രമായ ശാഹീന്‍ബാഗിലെ സമരനായികയായ സര്‍വരിയും ബില്‍കീസും ഒക്കുപൈ രാജ്ഭവന്റെ രണ്ടാം ദിവസം സമരക്കാര്‍ക്ക് ആവേശമായി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നു എന്നു പറയുകയും അവരെ തെരുവിലേക്ക് എടുത്തെറിയുകയും ചെയ്യുന്ന നയങ്ങളാണ് മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമാധാനം തകര്‍ത്ത മോദിയും അമിത്ഷായും ഗുജറാത്തിലേക്കു തന്നെ തിരിച്ചുപോകണമെന്നാണ് പറയാനുള്ളതെന്നും സര്‍വരി പറഞ്ഞു. ഡല്‍ഹി സമരത്തെ കലാപമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് വെടിവെക്കാം ഞങ്ങള്‍ മരിക്കുകയാണെങ്കിലും ഈ ഭൂമിയിലായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

ഇന്ത്യക്കാരുടെ വോട്ടു വാങ്ങി അധികാരത്തില്‍ വന്ന നരേന്ദ്രമോദി ഇന്ത്യയെ ഇല്ലാതാക്കുന്ന ഭീകരനിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്. ഈ നിയമങ്ങള്‍ പിന്‍വലിക്കുംവരെ ഞങ്ങള്‍ നിശ്ചയദാര്‍ഢ്യം മുറുകെപ്പിടിച്ച്‌കൊണ്ട് സമരരംഗത്ത് തുടരുമെന്ന് തുടര്‍ന്ന് സംസാരിച്ച ബില്‍ക്കീസ് പറഞ്ഞു. മൂടുവസ്ത്രങ്ങള്‍ക്കുള്ളില്‍ സംഘ്പരിവാര്‍ യുവതികളെ സമരത്തിലേക്ക് ഒളിപ്പിച്ച് കടത്തിയവരെ തങ്ങള്‍ സമാധാനപരമായും സുരക്ഷിതമായുമാണ് തിരികെ പറഞ്ഞയച്ചത്. എന്നാല്‍ സമരത്തോട് സംഘ്പരിവാര്‍ എന്താണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഡല്‍ഹി തെളിയിക്കുന്നുണ്ട്. സിക്ക് വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്ന സമര സഹായങ്ങളും ഭക്ഷണങ്ങള്‍ അടങ്ങിയ വാഹനങ്ങളും പോലിസ് തടയുകയാണ്. എന്നിട്ടും അവര്‍ മറ്റുമാര്‍ഗങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ശാഹിന്‍ബാഗ് സമരം മാറ്റിവെക്കണമെന്നാണ് പോലിസ് പറയുന്നത്. 75 ദിവസങ്ങള്‍ സമരം ചെയ്ത തങ്ങള്‍ നിയമം പിന്‍വലിക്കുംവരെ ഇനിയും ഇരിക്കുമെന്നും ഈ മണ്ണില്‍തന്നെ മരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായം തളര്‍ത്താത്ത ആവേശത്തോടെയാണ് 82 വയസുള്ള ബില്‍ക്കീസും 75 വയസുകാരി സര്‍വരിയും ഒക്കുപൈ രാജ്ഭവനില്‍ പങ്കെടുത്തത്. സമരക്കാര്‍ക്ക് ആവേശവും പ്രതീക്ഷയുമാകാന്‍ അവരുടെ വാക്കുകള്‍ക്കും സാന്നിധ്യത്തിനും കഴിഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുകയെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന തുടര്‍ച്ചയായി 30 മണിക്കൂര്‍ രാജ്ഭവന്‍ സ്തംഭിപ്പിക്കുന്ന ഒക്കുപൈ രാജ്ഭവന്‍ രണ്ടാം ദിവസവും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. രാത്രിമുഴുവന്‍ പാട്ടും കലാപരിപാടികളും മുദ്രാവാക്യങ്ങളുമായി രാജ്ഭവന്‍ ഉപരോധിച്ച സമരക്കാര്‍ക്കൊപ്പം രാവിലെ വീണ്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാര്‍ വന്നുചേര്‍ന്നു.

രണ്ടാം ദിവസം ആദ്യ സെഷന്‍ വിവിധ സ്ത്രീ പോരാളികളുടെ സംഗമമായിരുന്നു. ഇ.സി ആയിഷ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിവിധ സമര നായകരായ ഗോമതി, സോയ ജോസഫ്, വിനീത വിജയന്‍, സി.വി ജമീല, അഫീദ അഹ്മദ്, കെ.കെ റഹീന, റംല മമ്പാട് എിവര്‍ സംസാരിച്ചു. പൗരത്വ സമരത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളും വലിയ പ്രതീക്ഷയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വിവിധ സമരഭൂമികളില്‍ നിന്നുള്ളവര്‍ ഒക്കുപൈ രാജ്ഭവന് സര്‍വ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. തുടര്‍ന്ന് രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെഷനില്‍ പി.എ അബ്ദുല്‍ ഹകീം അധ്യക്ഷത വഹിച്ചു. ഷാഹീന്‍ ബാഗിലെ സമര പോരാളികളായ ബില്‍ക്കീസ്, സര്‍വരി, കെ മുരളീധരന്‍ എം.പി, സി.പി ജോണ്‍, എസ്.പി ഉദയകുമാര്‍, പി മുജീബ്‌റഹ്മാന്‍, മുരളി നാഗ, എം ഷാജര്‍ ഖാന്‍, വിളയോടി ശിവന്‍കുട്ടി, സതീഷ് പാണ്ടനാട്, ഷാജി ചെമ്പകശ്ശേരി, ഗണേഷ് വടേരി, പി.സി ഭാസ്‌കരന്‍, ബിനു വി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

സമരവേദിയില്‍ സമരപ്രവര്‍ത്തകരുടെ പ്രതിഷേധ ഗാനങ്ങളും സ്‌കിറ്റുകളും സോളോകളും അരങ്ങേറി. പൗരത്വ പ്രശ്‌നത്തെ വിമര്‍ശിക്കുന്ന ഹാസ്യ ആക്ഷേപ നാടകം 'ഭൗ ഭൗ ഭൗരത്വം' അവതരിപ്പിച്ചു. രണ്ടു ദിവസത്തെ രാജ്ഭവന്‍ ഉപരോധത്തിന്റെ സമാപന സമ്മേളനത്തില്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാന്‍, ടി പീറ്റര്‍, താഹിർ ഹുസൈൻ, കെ.എ ഷെഫീഖ്, ജോസഫ് ജോണ്‍, എൻ എം അൻസാരി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it