Kerala

വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണക്കുമെന്ന് എന്‍എസ്എസ്

വിശ്വാസം തകര്‍ക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ ശ്രമമെന്ന് വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണക്കുമെന്നും വ്യക്തമാക്കി.

വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണക്കുമെന്ന് എന്‍എസ്എസ്
X

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് എന്‍എസ്എസ് സംസ്ഥാനനേതൃത്വം. വിശ്വാസം തകര്‍ക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ ശ്രമമെന്ന് വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണക്കുമെന്നും വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങള്‍ സംരക്ഷിക്കണം. അതിനായി എന്‍എസ്എസ് വേണ്ടതെല്ലാം ചെയ്യും. - സുകുമാരന്‍ നായര്‍ പറഞ്ഞു.

സുപ്രീംകോടതി സ്ത്രീപ്രവേശനവിധിയില്‍ ഉറച്ചു നിന്നാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണയ്ക്കും. ഇപ്പോഴും സമദൂരസിദ്ധാന്തം തന്നെയാണ് പിന്തുടരുന്നത്. എന്നാല്‍ അത് തുടരണമെന്നില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്ക് നിലപാട് മാറ്റണമെങ്കില്‍ അത് അപ്പോള്‍ തീരുമാനിയ്ക്കാം - സുകുമാരന്‍ നായര്‍ രാഷ്ട്രീയനിലപാട് വ്യക്തമാക്കി.

ജനുവരി ഒന്നാം തീയതി സംസ്ഥാനസര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വനിതാമതില്‍ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികള്‍ക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടികളിലെല്ലാം വിശ്വാസികള്‍ക്ക് പങ്കെടുക്കാം.




Next Story

RELATED STORIES

Share it