Kerala

പൗരത്വ നിയമ ഭേദഗതി: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മനുഷ്യ ഭൂപടവുമായി യുഡിഎഫ്

ഇതിനായി ബെന്നി ബെഹനാന്‍, വി ഡി സതീശന്‍, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും. മണ്ഡലം തലത്തില്‍ യുഡിഎഫ് ഭരണഘടനാ സംരക്ഷണ സമിതികള്‍ രൂപീകരിക്കുമെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു. മനുഷ്യ ഭൂപടത്തിന്റെ വിജയത്തിനായി ജനുവരി ഏഴിന് ജില്ലാ യുഡിഎഫ് യോഗങ്ങള്‍ ചേരും

പൗരത്വ നിയമ ഭേദഗതി: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍  മനുഷ്യ ഭൂപടവുമായി യുഡിഎഫ്
X

കൊച്ചി: പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ഭൂപടങ്ങള്‍ നിര്‍മ്മിക്കുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി ബെന്നി ബെഹനാന്‍, വി ഡി സതീശന്‍, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും. മണ്ഡലം തലത്തില്‍ യുഡിഎഫ് ഭരണഘടനാ സംരക്ഷണ സമിതികള്‍ രൂപീകരിക്കുമെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു. മനുഷ്യ ഭൂപടത്തിന്റെ വിജയത്തിനായി ജനുവരി ഏഴിന് ജില്ലാ യുഡിഎഫ് യോഗങ്ങള്‍ ചേരും. മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.ഗവര്‍ണര്‍ പദവിയുടെ മാന്യതയും അന്തസും ഉള്‍ക്കൊള്ളാതെ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ പദവി വഹിക്കുന്ന ആളിന് ഭൂഷണമല്ലെന്ന് യുഡിഎഫ് യോഗം കുറ്റപ്പെടുത്തി. നിയമസഭയുടെ അവകാശത്തെ പോലും ഗവര്‍ണര്‍ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരമാണെന്ന് യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.

ഗവര്‍ണറെ നേരില്‍ കണ്ടു മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സഭ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം മറ്റു പല സൂചനകള്‍ നല്‍കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയ സമരവുമായി മുന്നോട്ട് പോകും. സമരം തീരുമാനിച്ച ശേഷമല്ല പ്രതിപക്ഷത്തെ ക്ഷണിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് പിന്നാലെ പോകുന്നതല്ല യുഡിഎഫിന്റെ പണിയെന്നും ബെന്നി ബെഹനാന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംയുക്ത സമരത്തില്‍ നിന്ന് യുഡിഎഫ് പിന്നോട്ട് പോകുകയാണോ എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് യുഡിഎഫ് അതിന്റെ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്നും ആ തീരുമാനത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നുമായിരുന്നു ബെന്നി ബഹനാന്റെ മറുപടി.

ലൈഫ് പദ്ധതിയുടെ കീഴില്‍ കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം ബഹിഷ്‌ക്കരിക്കാനും യുഡിഎഫ് തീരുമാനിച്ചു. ആയിരക്കണക്കിന് വീടുകള്‍ പൂര്‍ത്തീകരിക്കാനിരിക്കെ അഞ്ച് കോടി രൂപ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച് സമ്മേളന മാമാങ്കം നടത്തുന്നത് ധൂര്‍ത്തും അഴിമതിയുമാണെന്ന് യുഡിഎഫ് ആരോപിച്ചു. വാര്‍ഡ് പുനര്‍വിഭജനം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നും 2020 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ മുഴുവന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.സംസ്ഥാനത്തു വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിലാണെന്നും ട്രഷറി നിയന്ത്രണം പിന്‍വലിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. കുട്ടനാട് സീറ്റ് സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it