Kerala

കേരളത്തിലെ എന്‍പിആര്‍ പുതുക്കല്‍ വിവാദമായി; നടപടികള്‍ നിര്‍ത്തിവച്ച് സര്‍ക്കാര്‍

2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല.

കേരളത്തിലെ എന്‍പിആര്‍ പുതുക്കല്‍ വിവാദമായി; നടപടികള്‍ നിര്‍ത്തിവച്ച് സര്‍ക്കാര്‍
X

കോഴിക്കോട്: പൗരത്വനിഷേധത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നതിനിടെ കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കാനുള്ള ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) തയ്യാറാക്കുന്നതിനുള്ള വിവരശേഖരണത്തി മുന്നോടിയാണ് നിലവില്‍ സെന്‍സസിന്റെ മറവില്‍ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. ഭരണഘടനാ മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലായതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.



2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. 10 വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് കൂട്ടിച്ചേര്‍ത്തു. എന്‍പിആര്‍ വഴി രാജ്യത്ത് കടന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കണ്ടെത്തുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ജനസംഖ്യാ കണക്കെടുപ്പ് വരുന്നതെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഈ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി എന്‍പിആര്‍ തയ്യാറാക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ എന്‍പിആര്‍ തയ്യാറാക്കലിന്റെ ഭാഗമായാണ് ആളുകളുടെ ഫിംഗര്‍ പ്രിന്റ് എടുത്തതും അവരറിയാതെ ആധാര്‍ കാര്‍ഡ് വീട്ടില്‍ വന്നതും. ആധാര്‍ അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന സുപ്രിംകോടതി വിധി വന്നപ്പോഴേക്കും മിക്കവരും ആധാറിന്റെ കുരുക്കില്‍ പോയി പെട്ടത് എന്‍പിആറിനെ വിശ്വസിച്ചതുകൊണ്ടാണെന്നു ഓര്‍മയുണ്ടാവുമല്ലോയെന്നും സാമൂഹികപ്രവര്‍ത്തകനായ അഡ്വ.ഹരീഷ് വാസുദേവന്‍ ഇതിനെതിരേ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

Next Story

RELATED STORIES

Share it