പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ വായ്പാ പദ്ധതി: സംരംഭകത്വ പരിശീലനം തിരുവല്ലയില്‍

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍ പരിപാടിയില്‍ പരിചയപ്പെടുത്തും

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ വായ്പാ പദ്ധതി: സംരംഭകത്വ പരിശീലനം തിരുവല്ലയില്‍

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവസികള്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതിക്കു(എന്‍ഡിപിആര്‍ഇഎം) കീഴില്‍ നോര്‍ക്കാ റൂട്ട്‌സിന്റെ നേത്യത്വത്തില്‍ തിരുവല്ലയില്‍ സംരംഭകത്വ പരിശീലനവും യോഗ്യതാ നിര്‍ണയ ക്യാംപും നടത്തുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ആഗസ്ത് ഒമ്പതിനു രാവിലെ 10നു തിരുവല്ല വിജിഎം ഹാളിലാണു പരിപാടി. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് നിബന്ധനകളോടെ തല്‍സമയം വായ്പ അനുവദിക്കും. അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കും. ഇതിനു സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സിഎംഡിയുടെ സേവനവും ലഭിക്കും.

സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാവാന്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ NDPREM ഫീല്‍ഡില്‍ ആവശ്യമായ രേഖകളായ പാസ്‌പോര്‍ട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്ത് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഇതോടൊപ്പം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘുവിവരണവും, രണ്ടുവര്‍ഷം വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിപ്പില്‍ വ്യക്തമാക്കി. വിശദവിവരങ്ങള്‍ക്ക് സിഎംഡിയുടെ സഹായ കേന്ദ്രം-04712329738, നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പര്‍-1800 425 3939(ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്)-(മിസ്ഡ് കോള്‍ സേവനം), 04712770581 നമ്പറുകളില്‍ ബന്ധപ്പെടണം.



RELATED STORIES

Share it
Top