Kerala

കോട്ടയത്തെ പുതിയ കൊവിഡ് കേസുകള്‍; താഴേത്തലത്തില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും പ്രാദേശിക ജനകീയ സമിതികള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

കോട്ടയത്തെ പുതിയ കൊവിഡ് കേസുകള്‍; താഴേത്തലത്തില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു
X

കോട്ടയം: ജില്ലയില്‍ പ്രാദേശിക തലത്തില്‍ നടന്നുവരുന്ന കൊവിഡ് പ്രതിരോധനടപടികള്‍ പരമാവധി ശക്തമാക്കും. വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വാര്‍ഡ്തല നിരീക്ഷണ സമിതികളുടെയും ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന തദ്ദേശഭരണസ്ഥാപന തലത്തിലുള്ള സമിതികളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കും.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും പ്രാദേശിക ജനകീയ സമിതികള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച കോട്ടയം ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രണ്ടാംഘട്ടത്തിനായി സര്‍വസജ്ജമാവണമെന്ന് മന്ത്രി പറഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അതോടൊപ്പം അവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമൊഴിവാക്കുന്നതിനും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് പ്രാദേശിക നിരീക്ഷണസംവിധാനത്തിനാണ്.

പുറത്തുനിന്ന് വരുന്നവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മുന്‍കരുതലുണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതു സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു. തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുരേഷ് കുറുപ്പ്, ഡോ. എന്‍ ജയരാജ്, മോന്‍സ് ജോസഫ്, പി സി ജോര്‍ജ്, സി കെ ആശ, ജില്ലാ കലര്‍ പി കെ സുധീര്‍ ബാബു, ജില്ലാ പോലിസ് മേധാവി ജി ജയദേവ്. അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംവദിച്ച മന്ത്രി അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.

Next Story

RELATED STORIES

Share it