Kerala

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്

അഞ്ചുമാസത്തെ വിചാരണക്കൊടുവില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്
X

പാലക്കാട്: നെന്മാറ സജിത വധകേസില്‍ പ്രതി ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്. അഞ്ചുമാസത്തെ വിചാരണക്കൊടുവിലാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. 44 സാക്ഷികളും, ഡിജിറ്റല്‍- ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായ കേസില്‍ ചെന്താമരയ്ക്ക് കടുത്ത ശിക്ഷ ലഭിക്കാനാണ് സാധ്യത. ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെന്നത്ത് ജോര്‍ജ് ഉച്ചക്ക് 12 മണിയോടെയാണ് വിധി പറയുക.

വിധി കേള്‍ക്കാന്‍ സജിതയുടെ മക്കള്‍ കോടതിയിലെത്തും. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. 2019 ഓഗസ്റ്റ് 31നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു.

ഈ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ വിയ്യൂര്‍ ജയിലില്‍ നിന്നും ചെന്താമര 2024 നവംബറില്‍ ജാമ്യത്തിലിറങ്ങി. നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര കൊല്ലപ്പെട്ട സജിതയുടെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചു. ചെന്താമര ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭര്‍ത്താവ് സുധാകരനും മകള്‍ അഖിലയും നെന്മാറ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. 2025 ജനുവരി 27 രാവിലെ പത്തുമണിയോടെ ചെന്താമര അയല്‍വീട്ടിലെത്തി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും വെട്ടിക്കൊന്നു. ഇതിനുശേഷം ഒളിവില്‍ പോയ ചെന്താമരയെ പോത്തുണ്ടി വനമേഖലയില്‍ നിന്ന് പോലിസ് പിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it