പാലായുമില്ല; പെരുവഴിയിലായി പി സി ജോര്‍ജ്

പാലാ സീറ്റില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ കരുനീക്കങ്ങളുമായി പി സി ജോര്‍ജ് രംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ ബിജെപി കോട്ടയം ജില്ലാ ഘടകം ഇതിനെതിരാണ്.

പാലായുമില്ല; പെരുവഴിയിലായി പി സി ജോര്‍ജ്

തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പാല സീറ്റില്‍ മല്‍സരിക്കുന്നത് ബിജെപി സ്ഥാനാര്‍ഥി തന്നെയെന്ന് എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനത്തില്‍ പണികിട്ടി പി സി ജോര്‍ജ്. മകന്‍ ഷോണിന് ഒരു സീറ്റെന്ന മോഹവുമായി എന്‍ഡിഎ പാളയത്തിലെത്തിയ പി സി മറ്റുവഴികള്‍ തേടുമെന്നാണ് റിപ്പോര്‍ട്ട്.

പാലാ സീറ്റില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ കരുനീക്കങ്ങളുമായി പി സി ജോര്‍ജ് രംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ ബിജെപി കോട്ടയം ജില്ലാ ഘടകം ഇതിനെതിരാണ്. ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റാണ് പാലാ. മണ്ഡലത്തില്‍ ബിജെപി പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ബിജെപി മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷന്‍ എന്‍ ഹരി തുറന്നുപറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ ഹരിയായിരുന്നു പാലായിലെ സ്ഥാനാര്‍ഥി. അയ്യായിരത്തില്‍ നിന്ന് 25000മായി വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം. 2004ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയില്‍ മത്സരിച്ചപ്പോള്‍ പാലായില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സീറ്റ് സ്വന്തമാക്കാനുള്ള പിടിവാശിക്ക് ഇതും ഒരു കാരണമാണ്.

പാല ഉള്‍പ്പടെ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള ആറില്‍ അഞ്ച് മണ്ഡലത്തിലും ബിജെപി തന്നെ മല്‍സരിക്കും. അരൂര്‍ സീറ്റ് ബിഡിജെഎസിന് ലഭിക്കും. എന്‍ഡിഎ സംസ്ഥാന നേതൃയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്‍ഡിഎയിൽ ചേര്‍ന്നതിന് പിന്നാലെ മുസ്ലീംങ്ങളെ ചീത്തപറഞ്ഞ വീഡിയോ വൈറലായതോടെ സ്വന്തം മണ്ഡലത്തിലെ അണികള്‍ പോലും ജോര്‍ജിനെതിരേ തിരിഞ്ഞിരുന്നു. പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും സ്വന്തം നിയോജക മണ്ഡലത്തില്‍ പോലും സജീവമായ ഇടപെടലിന് പിസിക്ക് കഴിയുന്നില്ല.

ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും പി സി ജോര്‍ജ് തന്നെ വ്യക്തമാക്കിയിരുന്നു. പിസിയുടെ വിവാദ പ്രസംഗത്തോടെ മുസ്ലീം നേതൃത്വം ചടങ്ങുകളില്‍ പിസിയെ പങ്കെടുപ്പിക്കുന്നത് വിലക്കിയിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ പള്ളികളില്‍ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും പി സി ജോര്‍ജ് പഞ്ഞിരുന്നു. നേരത്തെ പാലാ സീറ്റിനായുള്ള അവകാശവാദം ബിജെപി നിരാകരിച്ചപ്പോള്‍ തന്നെ കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടാനും മടിക്കില്ലെന്ന മുന്നറിയിപ്പുമായി പി സി ജോര്‍ജ് രംഗത്ത് വന്നിരുന്നു.

RELATED STORIES

Share it
Top