Kerala

ദേശീയപാത സ്ഥലമെടുപ്പ്: ഭൂമി സര്‍വ്വേ, സ്ഥലമെടുപ്പ് നടപടികള്‍ക്കെത്തിയ ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള സംഘത്തെ നാട്ടുകാര്‍ കരിങ്കൊടി കാട്ടി തടഞ്ഞു

പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാതെയും ഭൂമി ഏറ്റെടുപ്പ് നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് സമരസമിതി.നാളെ ചേരാനല്ലൂര്‍ പഞ്ചായത്തില്‍ കരിദിനമായി ആചരിക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനം

ദേശീയപാത സ്ഥലമെടുപ്പ്: ഭൂമി  സര്‍വ്വേ, സ്ഥലമെടുപ്പ്  നടപടികള്‍ക്കെത്തിയ ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള സംഘത്തെ നാട്ടുകാര്‍ കരിങ്കൊടി കാട്ടി  തടഞ്ഞു
X

കൊച്ചി: 45 മീറ്റര്‍ ദേശീയപാത പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചേരാനല്ലൂരില്‍ വന്‍ പ്രതിഷേധം. ഭൂമി സര്‍വ്വേക്കും സ്ഥലമെടുപ്പ് നടപടികള്‍ക്കും എത്തിയ ഡെപ്യൂട്ടി കളക്ടര്‍ അടക്കമുള്ള സംഘത്തെ ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സോണി ചീക്കുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കമുള്ളവരും NH 17 സംയുക്ത സമരസമിതി പ്രവര്‍ത്തകരും കരിങ്കൊടി ഏന്തി പ്രകടനമായി എത്തി തടഞ്ഞു. പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാതെയും ഭൂമി ഏറ്റെടുപ്പ് നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് സോണി ചീക്കുവും സമരസമിതി നേതാക്കളും പറഞ്ഞു. സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടില്ല.പദ്ധതിയുടെ സാധ്യതാ പഠനവും വിശദ പദ്ധതി റിപ്പോര്‍ട്ടും തയ്യാറാക്കാതെയും ഭൂമി ഏറ്റെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരക്കാര്‍ പറഞ്ഞു. സ്ഥലമെടുപ്പ് നോട്ടിഫിക്കേഷനില്‍ വന്നിട്ടില്ലാത്ത ഭൂമിയില്‍ പോലും മതില്‍ ചാടികടക്കുകയും അളവെടുപ്പും സര്‍വ്വേയും നടത്താന്‍ ശ്രമിക്കുകയും ചെയ്ത സര്‍വ്വേ ഉദ്യോഗസ്ഥരുടെ നടപടി കിരാതവും നിയമവിരുദ്ധവുമാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.

ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ഒരുപ്രാവശ്യം 30 മീറ്റര്‍ വീതിയുടെ പേരില്‍ കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കാനുള്ള 45മീറ്റര്‍ ചുങ്കപ്പാത പദ്ധതി ഉപേക്ഷിക്കണമെന്നും നിലവിലുള്ള 30 മീറ്റര്‍ ഉപയോഗിച്ച ആറുവരി പാതയോ എലിവേറ്റഡ് ഹൈവേയോ നിര്‍മ്മിക്കണമെന്നുമുളള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഡെപ്യൂട്ടി കലക്ടറെ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും നിലവിലുളള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് സ്ഥലമെടുപ്പ് നടക്കുന്നത് എന്നും ഡെപ്യൂട്ടി കലക്ടര്‍ വാദിച്ചു. നാളെ ചേരാനല്ലൂര്‍ പഞ്ചായത്തില്‍ കരിദിനമായി ആചരിക്കാനും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും സമരി സമിതി തീരുമാനിച്ചു.

Next Story

RELATED STORIES

Share it