മൊഴികളിലെ ആശയക്കുഴപ്പം; സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും, അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

നസീറിന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് തലശ്ശേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഹരജിയില്‍ ഏത് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്ന് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നതോടെ നസീറിന് സമന്‍സ് നല്‍കുകയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുക.

മൊഴികളിലെ ആശയക്കുഴപ്പം; സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും, അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഎം വിമതസ്ഥാനാര്‍ഥിയായിരുന്ന സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വീണ്ടും സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും. നസീറിന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് തലശ്ശേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഹരജിയില്‍ ഏത് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്ന് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നതോടെ നസീറിന് സമന്‍സ് നല്‍കുകയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുക.

രാഷ്ട്രീയ അക്രമക്കേസുകളില്‍ അപൂര്‍വമായിട്ടേ പരാതിക്കാരന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്താറുള്ളൂ. എംഎല്‍എ എ എന്‍ ഷംസീറിന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് പരാതിക്കാരന്റെ മൊഴി മജിസ്‌ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നുതവണ നസീറില്‍നിന്ന് സിഐയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്നുതവണയും ഷംസീറിന്റെ പങ്ക് പോലിസിനോട് പറഞ്ഞെങ്കിലും അത് രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 164 പ്രകാരം മൊഴി എടുക്കാന്‍ തീരുമാനിച്ചത്. മെയ് 18നാണ് സി ഒ ടി നസീറിനെതിരേ വധശ്രമമുണ്ടായത്. അതേസമയം, സി ഒ ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശ്ശേരി ടൗണ്‍ സിഐ വിശ്വംഭരന്‍ നായര്‍ക്ക് വധഭീഷണിയുണ്ടായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് വധഭീഷണി അടങ്ങിയ കത്ത് സിഐയുടെ മേല്‍വിലാസത്തിലെത്തിയത്.

സംഭവത്തെക്കുറിച്ച് പോലിസ് വിശദമായ അന്വേഷണം തുടങ്ങി. 'ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ. ഇത് തലശ്ശേരിയാണെന്ന് അറിഞ്ഞു കൂടെ. രണ്ടുപേരേയും നേരില്‍ കണ്ട് മാപ്പ് ചോദിക്കുക. അല്ലെങ്കില്‍ അടിച്ച് പരിപ്പെടുക്കും, കൈയും കാലുമുണ്ടാവില്ല. തട്ടിക്കളയും' എന്നിങ്ങനെയുള്ള വാക്കുകളാണ് കത്തിലുള്ളതെന്നാണ് വാര്‍ത്തകള്‍. ഭീഷണി സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് എഎസ്പിക്കും ജില്ലാ പോലിസ് മേധാവിക്കും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ നല്‍കിയിട്ടുണ്ട്. അതിനിടിയില്‍ നസീര്‍ വധശ്രമക്കേസിന്റെ അന്വേഷണം പോലിസ് കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു.

RELATED STORIES

Share it
Top