Kerala

പെരിയ കൊലപാതകം: സി ബി ഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പോലീസ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണ്. പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണ് കൊല നടത്തിയത്. കണ്ടെത്തിയ ആയുധങ്ങളെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും സംശയം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള ഐ ജി ശ്രീജിത്തും റഫീഖും ആരോപണ വിധേയരാണ്. ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കെ പി സി സി ക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും വിശ്വാസമില്ല.യഥാര്‍ഥ കുറ്റവാളികളെയും ആസൂത്രണം ചെയ്ത രാഷ്ട്രീയ നേതൃത്വത്തെയും രക്ഷപ്പെടുത്താണ് നിലവിലെ അന്വേഷണം

പെരിയ കൊലപാതകം: സി ബി ഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കൊച്ചി:പെരിയയില്‍ രണ്ടു യൂത്തു കോണ്‍ഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിലവിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബി ഐ അന്വേഷണം വേണമെന്നും കെ പി സി സി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണ്. പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണ് കൊല നടത്തിയത്. കണ്ടെത്തിയ ആയുധങ്ങളെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും സംശയം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് സി പി എം നേതാക്കള്‍ പീതാംബരന്റെ വീട്ടില്‍ പോയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്ഡ ചോദിച്ചു. ഉദുമ എം എല്‍ എയ്ക്കും മുന്‍ എം എല്‍ എ യ്ക്കും എതിരെ അന്വേഷണം വേണം. അന്വേഷണ ചുമതലയുള്ള ഐ ജി ശ്രീജിത്തും റഫീഖും ആരോപണ വിധേയരാണ്. ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കെ പി സി സി ക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും വിശ്വാസമില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ് ശ്രീജിത്ത്. ശബരിമലയില്‍ സി പിഎം തിരക്കഥയിലെ മുഖ്യ കഥാപാത്രം ആയിരുന്നു ശ്രീജിത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ നാടകത്തില്‍ പോലീസ് യൂനിഫോം ദുരുപയോഗപ്പെടുത്തി സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്. കെവിന്‍ വധക്കേസില്‍ ആരോപണ വിധേയനാണ് റഫീഖ്. യഥാര്‍ഥ കുറ്റവാളികളെയും ആസൂത്രണം ചെയ്ത രാഷ്ട്രീയ നേതൃത്വത്തെയും രക്ഷപ്പെടുത്താണ് നിലവിലെ അന്വേഷണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് കെ പി സി സി സ്വാഗതം ചെയ്തിരുന്നു. മുഖ്യമന്ത്രി എത്തിയാല്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണമെന്നു ഡി സി സി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി അവിടെ എത്തിയാല്‍ എല്ലാ ആദരവോടെയും സ്വീകരിക്കണെമന്നും അദ്ദേഹത്തെ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ പി സി സി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഡി സി സി നേതൃത്വത്തെ ആരും സമീപിച്ചിരുന്നില്ലെന്നും മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു.

എന്‍ എസ് എസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയല്ലെന്ന് കൊടിയേരി ബാലകൃഷ്ണന്‍ ഓര്‍ക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍ എസ് എസിനെ അപമാനിച്ച കോടിയേരി ബാലകൃഷ്ണന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. മാടമ്പിമാര്‍ കൊന്നു തള്ളിയ കീഴാളരുടെ കഥ മലയാളികള്‍ അറിവുള്ളതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലെ സി പി എമ്മിന്റെ മാടമ്പിമാര്‍ നടത്തുന്നത്. സി പി എം കൊന്നുതള്ളിയവര്‍ ഏറെയും പിന്നോക്ക ജാതിയിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമാണ്. എന്‍ എസ് എസിനെ വിരട്ടാന്‍ നോക്കേണ്ട. അത് വിലപ്പോവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍ എസ് എസിന്റ ചരിത്രവും ആവിര്‍ ഭാവവും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മനസിലാക്കാന്‍ ശ്രമിക്കണം. സാഹിത്യ അക്കാദമി പുറത്തിറക്കിയ മുപ്പത്തിരണ്ട് നവോഥാന നായകരുടെ പട്ടികയില്‍ നിന്നും മന്നത്ത് പദ്മനാഭനെ ഒഴിവാക്കിയ പാര്‍ട്ടിയാണ് സിപിഎം. എന്‍എസ്എസ് വെറുമൊരു സമുദായ സംഘടനയല്ല എന്നത് അറിവുള്ളവരോട് ചോദിച്ച് പാര്‍ട്ടി സെക്രട്ടറി മനസിലാക്കണം. ദൃഢമായ അഭിപ്രായമാണ് ഉള്ള മാന്യനായ വ്യക്തിയാണ് സുകുമാരന്‍ നായര്‍. അദ്ദേഹത്തിനല്ല പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനുമാണ് മാടമ്പി സംസ്‌കാരം ഉള്ളത്. മാടമ്പി സംസ്‌കാരം ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് സി പി എം ഇന്ന് വരെ ഒരു ദലിതനെ പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it